
ദിസ്പൂർ: കൊവിഡിന്റെ പിടിയിലകപ്പെട്ട ലോകത്തെ രക്ഷിക്കാന്‍ പല ത്യാഗങ്ങളും സഹിച്ച് ഡോക്ടര്‍മാരും ആരോഗ്യ പ്രവർത്തകരും തങ്ങളുടെ കടമ നിറവേറ്റുകയാണ്. അതേസമയം, ചില ഡോക്ടര്‍മാര്‍ രോഗിയെ സുഖപ്പെടുത്തുക എന്നതില്‍ മാത്രം തന്റെ കര്‍ത്തവ്യം ചുരുക്കി നിര്‍ത്താതെ ഒരല്പം മുന്നോട്ട് കടന്നു ചിന്തിക്കും. ഇക്കൂട്ടത്തില്‍ പെട്ടതാണ് ഡോക്ടര്‍ അരുപ് സേനാപതി.
ആസാമിലെ സില്‍ച്ചറിലെ മെഡിക്കല്‍ കോളേജില്‍ ഇ.എന്‍.ടി സര്ജന് ആണ് അരുപ് സേനാപതി. കൊവിഡിനെ തുടര്‍ന്ന് അധിക ചുമതല ചെയ്യുന്ന അരുപ് രോഗികളുടെ മാനസിക സംഘർഷം അകറ്റാൻ ചെയ്തതെന്തെന്നോ? പി.പി.ഇ കിറ്റ് ധരിച്ച് ഡാൻസ് കളിച്ചു. കൊവിഡ് രോഗികളെ പാര്‍പ്പിക്കുന്ന മുറികളില്‍ ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് നില നില്ക്കുക. മാനസികമായി സമ്മര്‍ദ്ദത്തില്‍ പെട്ടുപോകാന്‍ സാദ്ധ്യതയുള്ള തന്റെ രോഗികളില്‍ പുഞ്ചിരി പടര്‍ത്താനാണ് അരുപ് സേനാപതി ബ്രേക്ക് ഡാന്‍സ് തന്നെ കളിച്ചത്.
അരുപിന്റെ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ സയ്ദ് ഫൈസാന്‍ അഹമ്മദ് ആണ് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള അരുപ് സേനാപതിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'ഇതാണ് കൊവിഡ് ഡ്യൂട്ടിയില്‍ എന്റെ സഹപ്രവര്‍ത്തകനായ സില്ചാര് മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി സര്ജന് ഡോ. അനുപ് സേനാപതി. കൊവിഡ് രോഗികള്‍ക്ക് മുന്നില്‍ അവരെ സന്തോഷിപ്പിക്കാന്‍ അവന് നൃത്തം ചെയ്യുന്നു,' എന്ന അടിക്കുറിപ്പോടെ സയ്ദ് ഫൈസാന്‍ അഹമ്മദ് പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറല്‍ ആയി.
Meet my #COVID duty colleague Dr Arup Senapati an ENT surgeon at Silchar medical college Assam .
Dancing infront of COVID patients to make them feel happy #COVID19 #Assam pic.twitter.com/rhviYPISwO— Dr Syed Faizan Ahmad (@drsfaizanahmad) October 18, 2020
 
പൂര്‍ണമായും പി.പി.ഇ കിറ്റ് ധരിച്ചാണ് അരുപ് സേനാപതി ഡാന്‍സ് കളിക്കുന്നതെങ്കിലും അനായാസമായാണ് ഓരോ ചുവടുകളും എന്ന് വീഡിയോയില്‍ കാണാം. വാര് എന്ന ഹിന്ദി സിനിമയിലെ പ്രസ്തമായ 'ഗുണ്ഗ്രൂ' പാട്ടിനൊപ്പമാണ് അരുപിന്റെ നൃത്ത ചുവടുകൾ. ഇടയ്ക്ക് സ്ഥാനം തെറ്റിപോകുന്ന ഫേസ് ഷീല്‍ഡ് ഡോക്ടര്‍ നേരെയാക്കുന്നുണ്ട്. നൃത്തചുവടുപോലെയാണ് ഇത് ചെയ്യുന്നത് എന്ന് മാത്രം.
1,34,800 വ്യൂകളും, 2400-ല്‍ ഏറെ റീട്വീറ്റുകളും, 11,300-ല്‍ ഏറെ ലൈക്കുകളും നേടി മുന്നേറുന്ന വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളെല്ലാം അരുപ് സേനാപതിയെ അകമഴിഞ്ഞ് അനുമോദിക്കുന്നുണ്ട്. അതിനിടെ സിനിമയിൽ 'ഗുണ്ഗ്രൂ' ഡാൻസ് കളിച്ച് ഹൃതിക് റോഷനും അരുപിനെ അഭിനന്ദിച്ച് രംഗത്തെത്തി. 'അരുപിനോട് പറയുക ഒരു ദിവസം ഞാനും അരുപിന്റെ ഈ നൃത്തചുവടുകൾ പഠിച്ച്, അരുപിനെ പോലെ നന്നായി ആസാമിൽ ഡാൻസ് കളിക്കും', ഹൃതിക് ട്വിറ്ററിൽ കുറിച്ചു.
Tell Dr Arup I’m gonna learn his steps and dance as good as him someday in Assam . Terrific spirit . 🕺🏻 https://t.co/AdBCarfCYO— Hrithik Roshan (@iHrithik) October 19, 2020