eee

ഒരു കിണറുണ്ട്; മരണക്കിണർ

അതിലൊരു ബൈക്കുണ്ട്
മണികെട്ടിയ തൊങ്ങലു കെട്ടിയ,
അത്യാധുനിക ബൈക്ക്
അതിലൊരഭ്യാസിയും.

കാണികളൊത്തിരിപ്പേരുണ്ട്
ആവേശത്തിൽ നോക്കുന്നവർ
ആഹ്ളാദത്തിൽ കൈകൊട്ടുന്നവർ
രോമാഞ്ചമുണർത്തും ആർപ്പുവിളികൾ
നീ അഭ്യാസിതന്നെയെന്നാർത്ത് വിളിക്കുന്നവർ
ആവേശത്തിരയിളക്കങ്ങൾക്കിടയിൽ
അഭ്യാസം തുടങ്ങും..

ഇതാണ് ലോകമെന്ന് തെറ്റിദ്ധരിക്കും
രാത്രിയില്ല പകലുമില്ല
ഓടിക്കൊണ്ടിരിക്കും
കാണികളാർത്തു വിളിക്കും

നാണയതുട്ടുകളും നോട്ടുകെട്ടുകളും
ഇടമുറിയാതൊഴുകും..
മരണക്കിണറിന്റെ സംഘാടകർ
കൈകൊട്ടി ഏറ്റുവാങ്ങും..

അഭ്യാസിയുടെ കഴിവുകളിൽ
ഊറ്റം കൊള്ളും
തങ്ങളുടെ തിരഞ്ഞെടുപ്പിൽ
ആഹ്ലാദം വിളിച്ച് പറയും.

മരണക്കിണർ;
അതിന് വെളിയിലൊരു ലോകമുണ്ട്.

കടലുണ്ട് അതിൽ തിരകളുണ്ട്,
കായലുണ്ട്..അതിൽ ഓളമുണ്ട്..
മരമുണ്ട്... അതിൽ ഫലങ്ങളുണ്ട്..
ആകാശമുണ്ട്.. നക്ഷത്രങ്ങളും..
കാറ്റുണ്ട്..കുളിരുണ്ട്..

അരുവികളും അതിൽ മീനുകളുമുണ്ട്..
കുന്നുകളും,താഴ്വരകളുമുണ്ട്..
മഞ്ഞും, മലയും,മാരിവില്ലുമുണ്ട്..
പൂക്കളും നിറങ്ങളും പൂമ്പാറ്റകളുമുണ്ട്..

വീഥികളും നിറയേ വണ്ടികളുമുണ്ട്..
പുസ്തകങ്ങളും..അക്ഷരങ്ങളുമുണ്ട്
പാട്ടുകളും സംഗീതവുമുണ്ട്..
നാട്യമുണ്ട്, നൃത്തവും വാദ്യവുമുണ്ട്..
മൃഗങ്ങളും മവയുടെ സ്‌നേഹവുമുണ്ട്..

മരണക്കിണറാണ്..
അറിയേണ്ടതില്ല മറ്റൊന്നും
കാണേണ്ടതില്ല ഒന്നുമേ
അവളൊരഭ്യാസി..
കാണികളൊത്തിരിയുണ്ട്..

മരണക്കിണറിന് വെളിയിൽ
ഒരു ലോകമേയില്ല
ബൈക്ക് നിർത്തിയാൽ
നാണയത്തുട്ടുകൾ നിലയ്ക്കും
കൈയ്യടികളും ആർപ്പുവിളികളും നിലയ്ക്കും
എല്ലാവരുമുറ്റുനോക്കുന്നുണ്ട്..

ഒരു ദിവസം അടിതെറ്റും
അപ്പോഴും ഉള്ളിലേക്ക് വീഴും
മരണം ഉറപ്പിക്കും.
ബൈക്കിലടുത്തയാൾ വരും
കാണികൾ രസിച്ചു കൊണ്ടിരിക്കും
കൈയ്യടികൾ നിലയ്ക്കാതുയരും
മാനം കാത്തു; തലമുറകൾ കാത്തു;
കുടുംബിനികൾ പുനരവതരിക്കും..

അപ്പോഴും പുറത്ത് കാറ്റ് വീശും
പുഴയൊഴുകിക്കൊണ്ടിരിക്കും
കടലുകളിൽ തിരയടിച്ചേയിരിക്കും
മഴവില്ലുകളേഴു വർണ്ണങ്ങൾ തെളിക്കും

കുളിർ കാറ്റുകൾ..അവ
മരണക്കിണറുകൾക്കുള്ളതല്ല...