sivasankar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്‌ചാർജ് ചെയ്യും. അൽപ്പം മുമ്പ് ചേർന്ന മെഡിക്കൽ ബോർഡിന്റേതാണ് തീരുമാനം. കിടത്തി ചികിത്സ നൽകേണ്ട ആരോഗ്യപ്രശ്‌നങ്ങൾ ശിവശങ്കറിന് ഇല്ലെന്നും നടുവേദന ഗുരുതര പ്രശ്‌നമല്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.

അടിയന്തരമായ മറ്റ് ചികിത്സകൾ ആവശ്യമില്ല. വേദനസംഹാരികൾ മതിയാകുമെന്നും മെഡിക്കൽ ബോർഡ് തീരുമാനമെടുത്തു. ഇന്ന് തന്നെ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ ഡിസ്‌ചാർജ് ചെയ്‌തേക്കുമെന്നാണ് വിവരം. കലശലായ നടുവേദന ഉണ്ടെന്നാണ് ശിവശങ്കർ പറയുന്നത്. എന്നാൽ ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്‌നമാണിതെന്നും ഗുരുതര പ്രശ്‌നം അല്ലെന്നും ഡോക്‌ടർമാർ പറയുന്നു.

വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലാക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി കൂട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് ആൻജിയോഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു.

അതേസമയം കലശലായ നടുവേദന ശിവശങ്കർ അറിയിച്ചതിനെ തുടർന്ന് അന്വേഷണ സംഘത്തിന്റെ കൂടി ആവശ്യപ്രകാരമാണ് വിദഗ്ദ്ധ പരിശോധനയ്‌ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയത്. ഓർത്തോ വിഭാഗം ഐ.സി.യുവിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചത്.