
കോട്ടയം: അടിമാലിയിലെ പഞ്ചനക്ഷത്ര വേശ്യാലയത്തിലെ നിത്യസന്ദർശകനായ സിവിൾ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. ഇടുക്കി ആംഡ് റിസേർവ് ക്യാമ്പിലെ ഡ്രൈവർ വിനോദിനെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് കറുപ്പസ്വാമി സസ്പെൻഡ് ചെയ്തത്.
വാടകയ്ക്ക് എടുത്തിരുന്ന ഹോംസ്റ്റേയിലെ വേശ്യാലയത്തിൽ കഴിഞ്ഞയാഴ്ച അടിമാലി പൊലീസ് റെയ്ഡ് നടത്തി നാലു സ്ത്രീകൾ ഉൾപ്പെടെ ഏഴു പേരെ പിടികൂടിയിരുന്നു. ബംഗളൂരു, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് പെൺകുട്ടികളെ എത്തിച്ചിരുന്നത്. പുതിയതായി ഏത് പെൺകുട്ടിവന്നാലും വിനോദിനെ അറിയിക്കണമെന്നായിരുന്നു റിസോർട്ട് ഉടമയ്ക്ക് വിനോദ് നൽകിയിരുന്ന നിർദ്ദേശം.
ഡ്രൈവർ വിനോദ് ഇവിടെ നിത്യസന്ദർശകനായിരുന്നുവെന്ന വാർത്ത പരന്നതോടെയാണ് ഇയാൾക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്. കൂടാതെ വേശ്യാലയം നടത്തിപ്പിന് എല്ലാവിധ സഹായവും ഇയാൾ ചെയ്തുകൊടുത്തിരുന്നുവെന്ന് അറിവാകുകയും ചെയ്തു. ഇതോടെയാണ് സ്പെഷ്യൽബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് എസ്.പി ക്ക് സമർപ്പിച്ചത്. തുടർന്ന് ജില്ലാപൊലീസ് മേധാവി അന്വേഷണ വിധേയമായി വിനോദിനെ സസ്പെൻഡ് ചെയ്തു.