
തിരുവനന്തപുരം: അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം, മലയാള സിനിമയിലെ പി.കെ.റോസി... ഇതൊന്നും ഏതെങ്കിലും സെലിബ്രിറ്റികളുടെ പേരാണെന്ന് മാത്രം കരുതുന്നുണ്ടോ. അങ്ങനെയല്ലേ അല്ല. തലസ്ഥാന നഗരത്തിൽ ദുർഗന്ധം പരത്തി കിടന്നിരുന്ന എരുമക്കുഴി മാലിന്യ കേന്ദ്രം നവീകരിച്ച് പൂന്തോട്ടമാക്കുമ്പോൾ നഗരവാസികൾ നിർദ്ദേശിച്ച പേരുകളിൽ ചിലത് മാത്രമാണിത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് എരുമക്കുഴിയിലെ പാർക്കിന് പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെടുന്ന സന്ദേശം മേയർ കെ. ശ്രീകുമാറിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തിനിടെ ആയിരത്തോളം പേരാണ് വിവിധ പേരുകളുമായി പോസ്റ്റിന് താഴെ കമന്റിട്ടത്.
ഈ പേരുകൾ കൂടാതെ തലസ്ഥാന നഗരത്തിന്റെ ചരിത്രം വിളിച്ചോതുന്ന അനന്ത പൂങ്കാവനം, അനന്തൻ തോട്ടം, പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലായതിനാൽ തിരുമുറ്റം തുടങ്ങിയ പേരുകളും നിർദ്ദേശിച്ചവരുമുണ്ട്.
എരുമക്കുഴിയെ ഓർമ്മിപ്പിക്കുന്ന ബഫല്ലോ പാർക്ക്, പുനർജനി, ഫീനിക്സ്, സുഗന്ധഗിരി, പൂങ്കാവനം, നന്ദാവനം, അനന്തപുരി, മേയേഴ്സ് പാർക്ക് തുടങ്ങിയ പേരുകൾ നിർദ്ദേശിച്ചവരുമുണ്ട്. ഐക്യത്തിന്റെ പ്രതീകമായി ഒരുമ പാർക്ക് എന്ന പേരും നിർദ്ദേശിക്കപ്പെട്ടു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം, കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട്, നിപ വൈറസ് ബാധയ്ക്കെതിരെ പൊരുതുന്നതിനിടെ ജീവൻ ബലിയർപ്പിച്ച സിസ്റ്റർ ലിനി, അന്തരിച്ച മഹാകവി അക്കിത്തം, അന്തരിച്ച നടൻ കലാഭവൻ മണി, ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ, അയ്യൻകാളി തുടങ്ങിയവരുടെ സ്മാരകമാക്കണമെന്ന നിർദ്ദേശങ്ങളും ലഭിച്ചു. ഉടൻ തന്നെ ഇതിൽ നിന്നൊരു പേര് നഗരസഭ കണ്ടെത്തും.
വിളപ്പിൽശാല പൂട്ടിയതിനെ തുടർന്നാണ് നഗരത്തിലെ മാലിന്യങ്ങൾ എരുമക്കുഴിയിൽ തള്ളാൻ തുടങ്ങിയത്. ഇവിടെ നിന്ന് 2388.18 എം ക്യൂബ് മാലിന്യമാണ് നീക്കം ചെയ്തത്. ഈ മാസം തന്നെ പൂന്തോട്ടവും പാർക്കും പൊതുജനങ്ങൾക്കായി തുറന്നുനൽകാനാണ് നഗരസഭയുടെ തീരുമാനം.