
ശ്രീനഗർ: ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുളളയെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്ര് തിങ്കളാഴ്‌ച ചോദ്യം ചെയ്‌തു. ജമ്മുകാശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ ഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തിലുളള കേസിലാണ് ഫാറൂഖ് അബ്‌ദുളളയെ ചോദ്യം ചെയ്‌തത്. ഫറൂഖ് അബ്‌ദുളള ജമ്മു കാശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാൻ ആയിരുന്ന കാലത്തെ 43 കോടിയുടെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.
ശ്രീനഗറിൽ വച്ചാണ് ഇ.ഡി ഫറൂഖ് അബ്‌ദുളളയെ ചോദ്യം ചെയ്‌തത്. ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ എന്നാണ് വിവരം. നേരത്തെ 2019ലും ഇതേ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഫറൂഖ് അബ്‌ദുളളയെ ചോദ്യം ചെയ്‌തിരുന്നു. ഇ.ഡിയുടെ നടപടിയെ കുറിച്ച് നാഷണൽ കോൺഫറൻസ് പാർട്ടി ഉടനെ പ്രതികരിക്കുമെന്ന് ഫറൂഖ് അബ്ദുളളയുടെ മകനും നേതാവുമായ ഒമർ അബ്ദുളള പ്രതികരിച്ചു. കാശ്‌മീരിൽ ജനകീയ സഖ്യം രൂപീകരിച്ചതിലുളള പ്രതികാര നടപടി മാത്രമാണിതെന്നും ഒമർ അബ്ദുളള അഭിപ്രായപ്പെട്ടു.
2015ലാണ് ജമ്മു കാശ്‌മീർ ഹൈക്കോടതി കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്. കേസ് അന്വേഷണത്തിൽ സംസ്ഥാന പൊലീസ് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. 2018ൽ ഫറൂഖ് അബ്ദുളള അടക്കം 4 പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ആണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.