dance

ദിസ്പുർ: കഴിഞ്ഞ എട്ടു മാസത്തിലധികമായി ആരോഗ്യ രംഗത്തുള്ളവരുടെ കഷ്ടപ്പാടുകളും അർപ്പണ മനോഭാവവും ലോകമൊന്നാകെ അതിശയത്തോടെ നോക്കിക്കാണുകയാണ്. രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനപ്പുറം തങ്ങളുടെ കർത്തവ്യത്തെക്കുറിച്ച് കട‌ന്ന് ചിന്തിക്കുന്ന ഡോക്ടർമാരുമുണ്ട്. അതിലൊരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അസാമിലെ സിൽച്ചർ മെഡിക്കൽ കോളേജിലെ ഇ.എൻ.ടി സർജൻ ഡോക്ടർ അനൂപ് സേനാപതി നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൊവിഡിന്റെ അധിക ചുമതല വഹിക്കുന്ന അനൂപ് കൊവിഡ് രോഗികൾക്ക് മുൻപിലാണ് നൃത്തം ചെയ്തത്. അതും പി.പി.ഇ കിറ്റ് ഇട്ടിട്ട്. മാനസിക സമ്മർദ്ദത്തിലാണ്ടിരിക്കുന്ന തന്റെ രോഗികളിൽ പുഞ്ചിരി പടർത്താനാണ് അനൂപ് നൃത്തം ചെയ്തത്. സുഹൃത്തും സഹപ്രവർത്തകനുമായ സയ്ദ് ഫൈസാൻ അഹമ്മദാണ് വീഡിയോ പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നോക്കൂ ഞങ്ങളുടെ കൊവിഡ് ഡ്യൂട്ടിയെന്ന കാച്ച് വേർഡിലാണ് സയിദ് വീഡിയോ ഇട്ടിരിക്കുന്നത്. സംഭവം മണിക്കൂറുകൾക്കുള്ളിൽ വൈറലായി. ബോളിവുഡ് ചിത്രം വാറിലെ 'ഖുംഗ്രു' എന്ന പാട്ടിനനുസരിച്ചാണ് അനൂപ് ചുവടുവച്ചത്. നൃത്തത്തിനിടെ താഴെ വീടാൻ പോയ ഫേസ്ഷീൽഡും ചുവടിന്റെ അകമ്പടിയോടെ ശരിയാക്കിവയ്ക്കുന്നുണ്ട്. രോഗികളെ സന്തോഷിപ്പിക്കാനായി ഡോക്ടർ റിച്ച നേഗി നൃത്തം ചെയ്ത വീഡിയോ വൈറലായതിനു പിന്നാലെയാണ് ഡോ. അനൂപിന്റെ വീഡിയോയുമെത്തിയിരിക്കുന്നത്.