
വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട് ഹിമാചൽപ്രദേശ് സ്വദേശിയും. ഹാമിൽട്ടൺ വെസ്റ്റിൽ നിന്നാണ് ഹിമാചൽപ്രദേശ് സ്വദേശിയായ 33 കാരൻ ഗൗരവ് ശർമ്മ ലേബർ പാർട്ടി എം.പിയായി പാർലമെന്റിലെത്തിയിരിക്കുന്നത്.
നാഷണൽ പാർട്ടിയിലെ ടിം മാഷിനോഡിനെ 4,425 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 16,950 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. അതേസമയം, ന്യൂസിലാൻഡിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഗൗരവിനെ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ അഭിനന്ദിച്ചു. ഗൗരവിന്റെ നേട്ടത്തിൽ ഹിമാചലും ഇന്ത്യയും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
20 വർഷം മുമ്പാണ് ഡോക്ടറായ ഗൗരവ് ഹിമാചലിൽഎത്തുന്നത്. ഹാമിൽട്ടണിലാണ് അദ്ദേഹം ജോലി നോക്കിയിരുന്നത്. മെഡിസിനിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൊവിഡ് സമയത്ത് ഹാമിൽട്ടണിലെ ജനങ്ങൾക്കിടയിൽ കാര്യക്ഷമമായി അദ്ദേഹം പ്രവർത്തിച്ചിരുന്നതായി ലേബർ പാർട്ടി അവകാശപ്പെടുന്നു. ഗൗരവ് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹിമാചൽ പ്രദേശിലെ ഇലക്ട്രിസിറ്റി ബോർഡിലെ ജോലി രാജിവെച്ച് അദ്ദേഹത്തിന്റെ പിതാവ് കുടുംബസഹിതം ന്യൂസിലാൻഡിൽ എത്തുന്നത്.
അതേസമയം,മൂന്നാഴ്ചക്കുള്ളിൽ സർക്കാർ രൂപവത്കരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു.