
കൊവിഡ് രോഗം ഭേദമായതിനെ തുടർന്ന് തന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നടി തമന്ന. രണ്ടാഴ്ച മുമ്പായിരുന്നു താരത്തിന് രോഗം പിടിപെട്ടത്. ഹൈദരാബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു തമന്നയ്ക്ക് രോഗം സ്ഥിരീകരിച്ചത്
' ഷൂട്ടിനിടെ കടുത്ത പനി തുടങ്ങി. മറ്റുള്ളവരുടെയും കരുതലിന്റെ ഭാഗമായി താമസിക്കാതെ തന്നെ കോവിഡ് ടെസ്റ്റ് നടത്തി. അത് പോസിറ്റിവ് ആയിരുന്നു. ആദ്യദിവസം ആശുപത്രിയിൽ കഴിയാൻ തന്നെ തീരുമാനിച്ചു. ക്വാറന്റീനിന്റെ അവസാനദിനങ്ങളിൽ വീട്ടിലായിരുന്നു. ഈ രോഗവുമായി ബന്ധപ്പെട്ട എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ടായി. ഓക്സിജൻ ലെവൽ താഴ്ന്നു, കടുത്ത തലവേദന, ശരീര വേദന, പനി, ചുമ അങ്ങനെ എല്ലാം.
കോണ്ടിനെന്റൽ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോട് എനിക്ക് എത്രത്തോളം നന്ദി പറയാനുണ്ടെന്നത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. ഞാൻ തീർത്തും രോഗിയായിരുന്നു, ദുർബലയായി മാറിയിരുന്നു, ഭയപ്പെട്ടിരിക്കുകയായിരുന്നു, പക്ഷേ ഞാൻ സുഖകരമായിരിക്കണമെന്നും മികച്ച രീതിയിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും നിങ്ങൾ ഉറപ്പുവരുത്തി. ദയയും ആത്മാർത്ഥമായ കരുതലും ശ്രദ്ധയും എല്ലാം നല്ലതാക്കി മാറ്റി.' ഇതായിരുന്നു താരത്തിന്റെ കുറിപ്പ്.