trump-junior

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂനിയർ.ചൈനയോട് ചായ്‌വുള്ള ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് ട്രംപ് ജൂനിയർ പറയുന്നത്. ദി ന്യൂയോർക്ക് പോസ്റ്റ് വെളിപ്പെടുത്തിയ ബൈഡൻ കുടുംബത്തിനെതിരായ ഏറ്റവും പുതിയ അഴിമതി ആരോപണങ്ങളെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടുകളോട് ബൈഡനോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈന ഉയർത്തുന്ന ഭീഷണി നാം തിരിച്ചറിയണം. ഇന്ത്യൻ അമേരിക്കൻ ജനതയേക്കാൾ അത് മനസിലാക്കാൻ ആർക്കുമാവില്ല.

ബൈഡന്റെ മകന് ചൈന 1.5 ബില്യൺ ഡോളറിന്റെ സഹായം നൽകിയിട്ടുണ്ട്. വലിയൊരു വ്യവസായിയാണ് ബൈഡൻ, അതിനാൽ അയാളെ വാങ്ങാമെന്ന് ചൈന കരുതുന്നു. ഇതിനാലാണ് ബൈഡന് ചൈനയോട് മൃദുസമീപനം. അതുകൊണ്ട് തന്നെ ബൈഡൻ തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവില്ല.

വ്യവസായികൾക്കും സ്വതന്ത്ര ചിന്താഗതിയുള്ളവർക്കും ബൈഡെന്റ ഭരണം ഗുണകരമാവില്ല. ചൈന മാത്രമല്ല ഉക്രെയ്നും റഷ്യയും ബൈഡനെ പിന്തുണയ്ക്കുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ എനിക്ക് നന്നായി അറിയാം. പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും വലിയ റാലി നടന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗുജറാത്തിലായിരുന്നുവെന്നും ട്രംപ് ജൂനിയർ പറഞ്ഞു. ട്രംപിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് ട്രംപ് ജൂനിയറാണ്.