
കാശ്മീർ: ജമ്മു കാശ്മീരിലെയ്ക്ക് കൂടി മൊബൈല്‍ കവറേജ് വികസിപ്പിക്കാന്‍ പദ്ധതിയൊരുക്കി പാകിസ്ഥാൻ. ഇത് പരിശീലനം ലഭിച്ച തീവ്രവാദികൾക്ക് താഴ് വരയിലേക്കു നുഴഞ്ഞുകയറ്റത്തിനും ഭാവിയിൽ ആശയവിനിമയ സംവിധാനങ്ങൾ കാശ്മീരിൽ നിയന്ത്രിച്ചാലും സഹായകരമാകും. നിലവിലുള്ള ടെലികോം ടവറുകള്‍ മാറ്റാനും പുതിയവ സ്ഥാപിക്കാനുമുള്ള പദ്ധതി ഒരു വര്‍ഷത്തോളമായി നടക്കുന്നുതായി രഹസ്യ വിവരം ലഭിച്ചെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന തീവ്രവാദികളെ സഹായിക്കുന്നതിന് നിലവിലുള്ള ഫോണ്‍ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനാണ് തുടക്കത്തില്‍ ഇത് ആവിഷ്‌കരിച്ചത്. കാശ്മീരില്‍ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതതിനു പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്.
കേന്ദ്ര സര്‍ക്കാര്‍ ടെലികോം സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാലും പാകിസ്ഥാന്‍ ടെലികോം വരുന്നത് വഴി കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താൻ സാധിക്കും. ഇത് സുരക്ഷാ സേനയ്ക്ക് തടയാന്‍ കഴിയില്ല എന്ന പ്രശ്നമുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തിന് മുന്‍പ് ജമ്മു കശ്മീരിലെ ആശയവിനിമയ ശൃംഖലയിൽ നിയന്ത്രണങ്ങൾ കൊണ്ട് വന്നിരുന്നു. അതിനുശേഷം നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ടെങ്കിലും വ്യാജ വാർത്തകൾ തടയുന്നതിനായി പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശങ്ങളില്‍ കുറച്ച് സമയത്തേക്ക് ഫോണ്‍ ലിങ്കുകള്‍ പതിവായി പരിശോധിക്കാറുണ്ട്.
പാകിസ്ഥാന്റെ സ്‌പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലും ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലും ടെലികോം സേവനങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണ രേഖയിലെയും ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലെയും 38 പ്രദേശങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ വിശകലനം ചെയ്തിരുന്നു.
അതിന്റെ വിശകലനം അനുസരിച്ച്, ഈ ലക്ഷ്യം നേടുന്നതിന് ജിഎസ്എം ആന്റിന 18 സ്ഥലങ്ങളില്‍ പുനർക്രമീകരിക്കേണ്ടതുണ്ട്, എന്നിരുന്നാലും ഇത് നിയന്ത്രണ രേഖയുടെ വശത്തെ കവറേജ് കുറയ്ക്കും. പാക് അധിനിവേശ കശ്മീരില്‍ പുതിയ ബേസ് ട്രാന്‍സ്സിവര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതും ഇന്ത്യന്‍ പ്രദേശത്ത് വയര്‍ലെസ് ലോക്കല്‍ ലൂപ്പ് ഫോണുകളുടെ ഉപയോഗവും അവരുടെ ബ്ലൂപ്രിന്റില്‍ ഉള്‍പ്പെടുന്നു.