painting

ജിദ്ദ: കാലാവധി കഴിഞ്ഞ കാപ്പിപ്പൊടി കൊണ്ട് വർണവിസ്മയം തീർക്കുകയാണ് സൗദി സ്വദേശിയായ ഒഹുദ്​ അബ്​ദുല്ല അൽമാകി എന്ന യുവതി. ഒഹുദിന്റെ പ്രയത്നം വെറുതെ പാഴായില്ല. ലോകത്തെ ഏറ്റവും വലിയ 'കോഫി പെയിന്റിംഗ്​' വരച്ചതിന് ഒഹുദിന് ഗിന്നസ് റെക്കോഡ് ലഭിച്ചു. 220 ചതുരശ്ര മീറ്റർ നീളത്തിൽ സൗദിയിലെയും അയൽരാജ്യമായ യു.എ.ഇയിലെയും നേതാക്കളുടെ ചിത്രമാണ്​ അൽമാകി പകർത്തിയത്​. സൗദി അറേബ്യയിലേയും യു.എ.ഇയിലേയും സ്ഥാപക നേതാക്കളായ അബ്ദുൾ അസീസ് ബിൻ സൗദ്, ഷേഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. ഇതിന് താഴെയായി മറ്റ് പല നേതാക്കളുടേയും ചിത്രങ്ങളുണ്ട്.

'45 ദിവസത്തെ തുടർച്ചയായ അധ്വാനം കൊണ്ടാണ്​ ഇത്​ പൂർത്തിയാക്കിയത്​. രണ്ടു സാക്ഷികളുടെ നിരീക്ഷണവും വീഡിയോ റെക്കോഡിംഗും ഉണ്ടായിരുന്നു.' -ഒഹുദ് പറഞ്ഞു. 'നസീജ്​ വൺ' എന്നാണ്​ ഈ ആർട്ട്​വർക്കിന്​ പേരിട്ടിരിക്കുന്നത്​. ഏഴു തുണികൾ ബന്ധിപ്പിച്ച കാൻവാസിൽ ജിദ്ദയിലായിരുന്നു കാപ്പിപ്പൊടിയിലെ ചിത്രരചന. ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെക്കുറിച്ച് ലോകത്തെ ഓർമ്മിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഒഹുദ് പറഞ്ഞു.

ഗിന്നസിന്റെ വിശദീകരണമനുസരിച്ച്​ ഒഹുദ് നാലരക്കിലോ കാപ്പിയാണ്​ ചിത്രനിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്​. ഇതാദ്യമാണ്​​ ഒരു സൗദി വനിത ഒറ്റക്ക്​ റെ​ക്കോഡിന്​ ഉടമയാകുന്നതെന്ന്​ ഗിന്നസ്​ അധികൃതർ വ്യക്​തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വനിതകളുടെ ശാക്​തീകരണത്തിന്​ തന്റെ നേട്ടങ്ങൾ കരുത്തുപകരുമെന്ന്​ അൽമാകി പ്രത്യാശ പ്രകടിപ്പിച്ചു.