
വാഷിംഗ്ടൺ: ഗർഭിണിയാകുമ്പോൾ മുതൽ വിശ്രമിക്കാനാണ് പുതു തലമുറയിലെ യുവതികൾക്ക് താത്പര്യം. എന്നാൽ, മക്കെന്ന എന്ന യുവതി ഒൻപതാം മാസത്തിലും 1.6 കിലോ മീറ്റർ നിസാരമായി ഓടിത്തീർത്ത് താരമായിരിക്കുകയാണ്. അതും വെറും അഞ്ചുമിനിറ്റ് കൊണ്ട്. മക്കെന്ന ഓടുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
മൈക്കൽ മൈലർ എന്ന യുവാവാണ് തന്റെ ഭാര്യ മക്കെന്ന ഓടുന്നതിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. മൈലറും മകെന്നയും തമ്മിൽ നടന്ന ഒരു ബെറ്റാണ് എല്ലാത്തിനും പിന്നിൽ. മക്കെന്ന രണ്ട് മാസം ഗർഭിണിയായിരിക്കുന്ന സമയത്ത്,ഒമ്പതാം മാസത്തിൽ 1.6 കി.മീ ഓടിത്തീർത്താൽ 100 ഡോളർ സമ്മാനിക്കാമെന്ന് മൈലർ പറഞ്ഞു. അന്നുതന്നെ സമ്മതം മൂളിയ മക്കെന്ന ഏഴുമാസങ്ങൾക്കിപ്പുറം അതു പ്രാവർത്തികമാക്കി. ഭാര്യ ഓടുന്നതിന്റെ വീഡിയോയും മൈലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധി പേരാണ് മക്കെന്നയുടെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇതാണ് പെണ്ണിന്റെ ശക്തിയെന്നും, ഉരുക്കുവനിതയെന്നുമൊക്കെ കമന്റ് ചെയ്യുന്നവരുണ്ട്.കോളേജ് കാലം തൊട്ട് ട്രാക്കിൽ ഓടിയ പരിചയം മക്കെന്നയ്ക്കുണ്ടെന്നും ഡോക്ടർമാരുടെ അനുവാദത്തോടെയാണ് ഓടിയതെന്നും ഭർത്താവ് പറഞ്ഞു