
ലണ്ടൻ : കഴിഞ്ഞ ദിവസം എവർട്ടനെതിരെ നടന്ന പ്രിമിയർ ലീഗ് മത്സരത്തിനിടെ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ ലിവർപൂൾ ക്ളബിന്റെ സൂപ്പർ ഡിഫൻഡർ വിർജിൽ വാൻ ഡിക്കിന് ഈ സീസണിൽ ഇനി കളത്തിലിറങ്ങാൻ കഴിയില്ല. 2-2ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ എവർട്ടൺ ഗോളി യോർദാൻ പിക്ക്ഫോഡുമായി കൂട്ടിയിടിച്ചാണ് വാൻ ഡിക്കിന് പരിക്കേറ്റത്. താരത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നെതർലാൻഡ്സിന്റെ ക്യാപ്ടനായ വാൻഡിക്കിന് അടുത്ത ജൂണിൽ നടത്താനിരിക്കുന്ന യൂറോകപ്പിൽ കളിക്കാൻ കഴിയുന്ന കാര്യവും സംശയമാണെന്ന് താരത്തിനോട് അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
2018ൽ ലോകത്ത് ഒരു ഡിഫൻഡർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലം(97 ദശലക്ഷം ഡോളർ) നൽകിയാണ് ലിവർപൂൾ വിർജിൽ വാൻഡിക്കിനെ സതാംപ്ടണിൽ നിന്ന് സ്വന്തമാക്കിയത്. 29കാരനായ താരം 94 മത്സരങ്ങളിലാണ് ഇതിനകം ലിവർപൂളിന്റെ കുപ്പായമണിഞ്ഞത്. ക്ളബിനെ വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിലും പ്രിമിയർ ലീഗിലും കിരീടാവകാശികളാക്കിയതിന് പിന്നിൽ വാൻ ഡിക്കിന്റെ പ്രയത്നം വലുതായിരുന്നു.
ടോട്ടൻഹാമിന് സമനില
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ 3-3ന് വെസ്റ്റ്ഹാം യുണൈറ്റഡ് സമനിലയിൽ തളച്ചു. കളി തുടങ്ങി 16 മിനിട്ടിനുള്ളിൽ മൂന്ന് ഗോളടിച്ചിരുന്ന ടോട്ടൻഹാം അവസാന പത്തുമിനിട്ടിൽ മൂന്നെണ്ണവും തിരികെ വാങ്ങുകയായിരുന്നു.
ആദ്യ മിനിട്ടിൽ സൺ മിൻ ഹ്യൂംഗിലൂടെ ടോട്ടൻഹാം ഗോളടി തുടങ്ങിയിരുന്നു. 8,16 മിനിട്ടുകളിലായി ഹാരി കേൻ വലകുലുക്കി. 82-ാം മിനിട്ടിൽ ബൽബുയേനയാണ് വെസ്റ്റ്ഹാമിനായി ആദ്യ ഗോളടിച്ചത്. 85-ാം മിനിട്ടിൽ സാഞ്ചസിന്റെ സെൽഫ് ഗോൾ ടോട്ടൻഹാമിന് തിരിച്ചടിയായി. ഇൻജുറി ടൈമിൽ ലാഞ്ചിനിയാണ് സമനില ഗോൾ നേടിയത്.
അഞ്ചുകളികളിൽ നിന്ന് എട്ടുപോയിന്റുള്ള ടോട്ടൻഹാം പട്ടികയിൽ ആറാം സ്ഥാനത്താണ്. ഏഴുപോയിന്റുമായി വെസ്റ്റ് ഹാം എട്ടാമതും. 13 പോയിന്റുള്ള എവർട്ടണാണ് ഒന്നാമത്.