asteroid-

വാഷിംഗ്ടൺ : നവംബർ 3ന് യു.എസിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ദിനത്തിന്റെ തലേദിവസം ഒരു റഫ്രിജറേറ്ററിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചേക്കുമെന്ന് പ്രശസ്ത അമേരിക്കൻ ശാസ്ത്രജ്ഞൻ നീൽ ഡിഗ്രാസ് ടൈസൺ. എന്നാൽ ഗുരുതരമായ നാശനഷ്ടങ്ങൾക്ക് ഇത് കാരണമാകില്ലെന്നും നീൽ പറയുന്നു. ' 2018 VP1 ' എന്ന ഛിന്നഗ്രഹം മണിക്കൂറിൽ 25,​000 മൈൽ വേഗതയിലാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതെന്നും നവംബർ 2ന് ഇത് ഭൂമിയിൽ പതിച്ചേക്കാമെന്നും ആസ്ട്രോഫിസിസ്റ്റ് ആയ നീൽ പറയുന്നു.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നീലിന്റെ വെളിപ്പെടുത്തൽ. ഭൂമിയുടെ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ഛിന്നഗ്രഹമായ ' 2018VP1 ' യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേ ദിവസം ഭൂമിയിൽ പതിക്കാൻ സാദ്ധ്യതയുണ്ടെന്ന് നാസ ഓഗസ്റ്റിൽ തന്നെ പ്രവചിച്ചിരിക്കുന്നു.

asteroid

അന്തരീക്ഷത്തിൽ കടക്കുന്നതോടെ ഛിന്നഗ്രഹത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചേക്കും. 0.41 ശതമാനമാണ് ഭൂമിയിൽ പതിയ്ക്കാനുള്ള സാദ്ധ്യതയെന്നാണ് നാസ പറഞ്ഞത്. ഏകദേശം 6.5 അടിയാണ് ഈ ഛിന്നഗ്രഹത്തിന്റെ വ്യാസം. 2018ൽ കാലിഫോർണിയയിലെ പലോമർ നിരീക്ഷണകേന്ദ്രത്തിൽ വച്ചാണ് ' 2018VP1 ' നെ ആദ്യമായി കണ്ടെത്തിയത്. ഭൂമിയിൽ പതിച്ചാലും ഗുരുതരമായ ആഘാതം ഉണ്ടായേക്കില്ലെന്നാണ് യു.എസ് സ്പേസ് ഏജൻസിയുടെയും വിലയിരുത്തൽ.