
വാഷിംഗ്ടൺ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടേയും ഭാര്യ മേഗൻ മാർക്കിളിന്റേയും പുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഏറെ പെട്ടെന്നാണ് വൈറലായത്. ടൈം100 ടോക്സ്സിന്റെ സ്‌പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ദമ്പതികളുടെ ഈ ചിത്രം പകർത്തിയത്. ഇരുവരുടെയും ഏറ്റവും മനോഹരമായ ചിത്രങ്ങളിൽ ഒന്നാണിത്. എന്നാൽ, ചിത്രത്തേക്കാളേറെ ജനങ്ങൾ ശ്രദ്ധിച്ചത് മേഗന്റെ വാച്ചാണ്. മേഗൻ അണിഞ്ഞിരിക്കുന്നത് ഡയാന രാജകുമാരിയുടെ കൈയിലുണ്ടായിരുന്ന പ്രസിദ്ധമായ കാർട്ടിയർ ടാങ്ക് ഫാഞ്ചൈസ് വാച്ചിന്റെ അതേ മോഡലാണ്. ഡയാന രാജകുമാരിയോടുള്ള ആദരസൂചകമായാണ് മേഗന്‍ ഈ വാച്ച് അണിഞ്ഞിരിക്കുന്നതെന്നാണ് മേഗന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കുറിപ്പ്. വാച്ചിനൊപ്പം എൻഗേജ്‌മെന്റ് റിംഗും, വെഡിംഗ് ബാൻഡും ഒരു വളയും വലതു കൈയിലെ ചെറുവിരലിൽ ഒരു മോതിരവും മേഗൻ അണിഞ്ഞിട്ടുണ്ട്.
മേഗന്റെ ആക്‌സസറികൾ ശ്രദ്ധിക്കുന്നവർ ഈ വാച്ച് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാവും ചിന്തിക്കുക. കാർട്ടിയർ വാച്ചുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് മേഗൻ മുൻപും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2012 ലാണ് മേഗൻ ഈ വാച്ച് സ്വന്തമാക്കുന്നത്. തനിക്കൊരു മകൾ പിറന്നാൽ അവൾക്ക് നൽകാനാണ് ഈ വാച്ചെന്നാണ് മേഗൻ ഹലോ മാഗസിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നത്. 'അത് അവരുമായുള്ള നമ്മുടെ പ്രത്യേക ബന്ധത്തിന്റെ പ്രതീകമാണ് '.