chandraghanta

ദുർഗാദേവിയുടെ നവഭാവ സങ്കല്പമനുസരിച്ച് മൂന്നാം ഭാവമാണ് ചന്ദ്രഘണ്ട. ഘണ്ടത്തിന്റ (മണി) രൂപത്തിലുള്ള ചന്ദ്രക്കല നെറ്റിയിൽ ധരിച്ചിട്ടുള്ളതിനാലാണ് ചന്ദ്രഘണ്ട എന്ന പേര്. പ്രശാന്തിയുടെ ശോഭ പകരുന്ന രൂപമായ ചന്ദ്രഘണ്ടാ ദേവി ത്രിനയനയാണ്. മനഃശാന്തി, സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായി ചന്ദ്രഘണ്ഡാ ദേവിയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു.

ശത്രുക്കളോടു മത്സരിക്കാൻ ദേവി ശൗര്യവും ശക്തിയും പ്രദാനം ചെയ്യുന്നു. തിന്മയും ദുഷ്ടതയും നശിപ്പിക്കുന്ന ദേവിയുടെ ഈ ഭാവത്തെ കഠാര എന്ന ആയുധം ഉപയോഗിച്ചാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്. ശിവശക്തിയും ആദിപരാശക്തിയുമായ ദുർഗാദേവിയുടെ (പാർവതി) ഒൻപതു ഭാവങ്ങൾക്കാണ് നവദുർഗ്ഗ പുരാണത്തിന്റെ ആത്മസത്തയ്ക്കു ചേരും വിധം വിവിധങ്ങളായ കാഴ്ചപ്പാടോടെ ധന്വന്തരി കളരി സംഘം മനോഹരമായ ചിത്രസാക്ഷാത്കാരം ഒരുക്കുന്നത്.

കളരിയിലെ തനതായ ആരോഗ്യ പരിപാലന പദ്ധതിയായ അഗസ്ത്യം നല്ലുടൽ പരിശീലന പദ്ധതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് കളരി ഗുരുക്കളും പ്രശസ്ത മാദ്ധ്യമ പ്രവർത്തകനുമായ ഡോ. മഹേഷാണ് ഇതിന്റെ ആവിഷ്‌കാരം നിർവഹിച്ചിരിക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിങ്ങനെ സവിശേഷമായ സ്ത്രീശക്തിയുടെ പ്രതിഫലനമായാണ് നവരാത്രിയിലെ ഓരോ ദിനവും അവതരിപ്പിക്കുന്നത്.

ഇതിൽ നിന്ന് ആശയവും പ്രചോദനവുമുൾക്കൊണ്ടാണ് നവദുർഗമാർക്ക് 'അഗസ്ത്യം' ആയോധനമുറകളുടെ പശ്ചാത്തലമുപയോഗിച്ച് വർത്തമാനകാല ഭാഷ്യമൊരുക്കുന്നത്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് നവരാത്രിയുടെ അന്ത:സത്ത. അതിനാൽത്തന്നെ മാതൃസ്വരൂപിണിയായ പ്രകൃതിയുടെ ശക്തിമത്തായ പെൺഭാവങ്ങളാണ് ദുർഗാവതാരങ്ങളോരോന്നും. സ്ത്രീ ശാസ്ത്രീകരണം ആയോധന പരിശീലനത്തിലൂടെ എന്ന ആശയത്തിന്റെ കൂടി സാക്ഷാത്കാരമാണ് ധന്വന്തരി കളരി സംഘത്തിന്റെ ഈ ചിത്ര സാക്ഷാത്കാരം.