muthalapozhi

കടൽ സൗന്ദര്യം ഇഷ്ടപ്പെടുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ടയിടമാണ് മുതലപ്പൊഴി. തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസം സ്‌പോട്ടായി മുതലപ്പൊഴി മാറിയിട്ട് അധിക കാലമായിട്ടില്ല. ഫിഷിംഗ് ഹാർബർ പദ്ധതി ലക്ഷ്യമിട്ട് മുതലപ്പൊഴി പ്രൊജക്ട് തുടങ്ങിയത് ഏതാണ്ട് അഞ്ചുവർഷങ്ങൾക്ക് മുമ്പാണ്. തിരുവനന്തപുരം നഗരത്തിൽനിന്നും 26 കിലോമീറ്റർ അകലെയാണ് മുതലപ്പൊഴി. ദിവസേനെ ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണവും കൂടിയിട്ടുണ്ട്. പ്രകൃതിരമണീയമായ കാഴ്ചയാണ് സഞ്ചാരികളെ മുതലപ്പൊഴിയിലേക്ക് ആകർഷിക്കുന്നത്. കായലും കടലും സംഗമിക്കുന്നയിടമായതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് കൗതുകമേറുന്ന കാഴ്ചകളാണ് ഇവിടത്തെ പ്രത്യേകത. ഒരു ഭാഗം കടലും മറുവശം കായലും കൺനിറയെ കാണാമെന്നത് പ്രധാന ആകർഷണമാണ്. അതുപോലെ ചുറ്റിലും പ്രകൃതി രമണീയമായ കാഴ്ചകളാൽ സമ്പന്നമാണ് മുതലപ്പൊഴി. കടലിന്റെ ഇരുവശത്തുമായി രണ്ടു പാതകൾ പുലിമുട്ടുകൾ ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട്. ഏതാണ്ട് അരക്കിലോമീറ്റർ ദൂരമുള്ള ഈ പാതകളിലൂടെ കടലിലേക്ക് നടക്കാവുന്നതാണ്. കടലിന്റെ സൗന്ദര്യം കൂടുതൽ അടുത്ത് നിന്ന് കാണാൻ അതുവഴി സാധിക്കും. പെരുമാതുറ പാലമാണ് ഇവിടെത്തെ മറ്റൊരു ആകർഷണം. രണ്ട് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്, വൈകുന്നേരങ്ങളിലാണ് മുതലപ്പൊഴിയിൽ തിരക്കേറുന്നത്. കടൽക്കാറ്റേറ്റ് പൂഴിമണലിലൂടെ കരകാണാക്കടൽ നോക്കി സൊറ പറഞ്ഞ് നടക്കാനെത്തുന്നവരും ഏറെയാണ്.

എത്തിച്ചേരാൻ

തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് ശംഖുമുഖം,വേളി, തുമ്പ റോഡ് വഴി മുതലപ്പൊഴിയിലെത്താം. അതുപോലെ കണിയാപുരം കഠിനംകുളം തീരദേശ പാത വഴിയും ഇവിടേക്കെത്താം. കൊല്ലം,വർക്കല ഭാഗത്തു നിന്ന് വരുന്നവർക്ക് അഞ്ചുതെങ്ങ് ബീച്ച് റോഡ് വഴി മുതലപ്പൊഴി ബീച്ചിലെത്താം. ചിറയിൻകീഴാണ് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ.