anika

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയ്ക്ക് 25,000 ഡോളറിന്റെ യു.എസ് പാരിതോഷികം. 2020 3 M യംഗ് സയന്റിസ്റ്റ് ചലഞ്ചില്‍ വിജയിയായാണ് ടെക്സാസില്‍ നിന്നുള്ള അനിക ചെബ്രോലു അംഗീകാരത്തിന് അര്‍ഹയായത്. കൊവിഡിനെതിരെ നടത്തിയ ഗവേഷണങ്ങള്‍ക്കാണ് ഈ പതിനാലുകാരിയ്ക്ക് അംഗീകാരം ലഭിച്ചത്.

SARS-CoV-2 നുള്ളില്‍ പ്രവേശിച്ച് വൈറസിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ ശേഷിയുള്ള സൂക്ഷ്മകണിക അനിക വികസിപ്പിച്ചെടുത്തിരുന്നു. അംഗീകാരത്തില്‍ അതിയായ സന്തോഷമുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിയായ അനിക പറഞ്ഞു. ജലദോഷപ്പനിയെ പ്രതിരോധിക്കാനുള്ള ഗവേഷണത്തിലായിരുന്ന അനിക പിന്നീട് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഗവേഷണം അതിലേക്ക് തിരിച്ചു.

ഒന്നിലധികം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുപയോഗിച്ചാണ് അനിക സൂക്ഷ്മകണത്തെ വികസിപ്പിച്ചത്. ഇതിനായി ഇന്‍ സിലിക്കോ മെത്തഡോളജിയാണ് അനിക ഉപയോഗപ്പെടുത്തിയത്. അനികയുടെ ഗവേഷണഫലം ജീവനുള്ള വസ്തുവില്‍ പരീക്ഷിച്ച കാര്യത്തില്‍ വ്യക്തതയില്ല.

ഒരു മെഡിക്കല്‍ ഗവേഷകയും അദ്ധ്യാപികയും ആകണമെന്നാണ് അനികയുടെ ആഗ്രഹം. കെമിസ്ട്രി അധ്യാപകനായ മുത്തശ്ശനാണ് ശാസ്ത്രത്തിലുള്ള തന്റെ താത്പര്യം മനസിലാക്കി പ്രോത്സാഹനം നല്‍കിയതെന്ന് അനിക പറഞ്ഞു.

കൊവിഡിനെ എത്രയും പെട്ടെന്ന് തുടച്ചു നീക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അക്കാരണത്താലാണ് തന്റെ ഗവേഷണത്തിന് ഇത്രയധികം മാദ്ധ്യമശ്രദ്ധ ലഭിക്കുന്നതെന്നും അനിക പ്രതികരിച്ചു.