
വാഷിംഗ്ടൺ: മനുഷ്യനെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് മരണം. പ്രിയപ്പെട്ടവർ മരിക്കുമ്പോഴുള്ള വേദനയും മരണം എന്നെങ്കിലും തങ്ങളേയും തേടി വരുമെന്നുള്ള ഭയവും എല്ലാക്കാലവും മനുഷ്യനെ വേട്ടയാടാറുണ്ട്. എന്നാൽ, മരിക്കുന്നതിന് മുൻപ് സ്വന്തം ചരമക്കുറിപ്പെഴുതാൻ ആരെങ്കിലും ധൈര്യപ്പെടുമോ?... ഒക്ടോബർ ആറിന് നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകരോഗം ബാധിച്ച് ലോകത്തോട് വിടപറഞ്ഞ ചിക്കാഗോ സ്വദേശിനിയായ സ്റ്റാസി ലൂയിസ് ഒലിവറിന് ആ ധൈര്യമുണ്ടായിരുന്നു. സ്റ്റാസിയുടെ മരണത്തിന് ശേഷം ചിക്കാഗോ ട്രൈബ്യൂൺ ഈ മരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
ഓരോ നിമിഷവും മനോഹരമായി ജീവിക്കൂ എന്നാണ് സ്റ്റാസിയുടെ മരണക്കുറിപ്പ് നമ്മളോട് പറയുന്നത്.
രോഗബാധിതയായപ്പോൾ തന്നെ തന്റെ ചലനശേഷികൾ നഷ്ടമാകുമെന്ന് സ്റ്റാസിക്ക് അറിയാമായിരുന്നു. അതിനുമുമ്പേ തന്നെ സ്റ്റാസി മരണക്കുറിപ്പ് എഴുതി ഭർത്താവായ ജെഫ് ഒലിവറിന് നൽകി. കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിലും പോസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
മരണക്കുറിപ്പിൽ ഭർത്താവിനെ തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നാണ് സ്റ്റാസി വിശേഷിപ്പിക്കുന്നത്. അതുപോലെ ജീവിതം മനോഹരമായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സ്റ്റാസി കുറിക്കുന്നുണ്ട്.
'ഞാൻ നിങ്ങൾ എന്ത് ചെയ്യണം എന്ന് പറയില്ല, എങ്ങനെ ചെയ്യാം എന്നതിനെ പറ്റിയാണ് പറയുന്നത്. നിങ്ങളുടെ ശരീരത്തെ പറ്റി ആശങ്കപ്പെടേണ്ട. പോയി നമ്മളായി ജീവിക്കു. പുഞ്ചിരിക്കൂ, ആളുകളുടെ മനസ് നിറയുന്നത് വരെ. ഓരോ നിമിഷവും ആസ്വദിക്കൂ, ഇനിയവ വീണ്ടും ലഭിക്കില്ല. ചെയ്യണമെന്ന് ആഗ്രഹിക്കുന്നവയെല്ലാം ചെയ്യൂ, പരിശ്രമിക്കൂ, രുചിക്കൂ, ഇഷ്ടമുള്ളിടത്ത് പോകൂ... ഡാനിഷ് ഭക്ഷണം (Danish cuisine) കഴിക്കൂ, സിനിമയ്ക്ക് പോകൂ, ഉറക്കെ ചിരിക്കൂ. പരസ്പരം സ്‌നേഹിക്കൂ.. അങ്ങനെയെങ്കിൽ ജീവിതത്തിൽ നിങ്ങൾക്കു വേണ്ടത് നിങ്ങൾ കണ്ടെത്തും.' സ്റ്റാസി തന്റെ മരണക്കുറിപ്പിന്റെ അവസാന വരികളിൽ കുറിച്ചു.
രോഗബാധിതയായ നാൾ മുതൽ ഇനി അധികകാലമില്ല എന്ന് അവൾക്കറിയാമായിരുന്നു, അവൾക്ക് പറയാനുള്ളതെല്ലാം അവൾ വേഗത്തിൽ കുറിച്ചു വച്ചു - ജെഫ് ഒലിവർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈ സ്വദേശിയായ ഇജി കെ. ഉമാമഹേഷ് ഇത്തരത്തിലുള്ള ഒരു ചരമക്കുറിപ്പ് എഴുതി ബന്ധുക്കളെ ഏൽപ്പിച്ചിരുന്നു. ഇദ്ദേഹം ഒക്ടോബർ 16ന് മരിച്ചു.