
''ഇവൻ ദൈവത്തിന്റെ പെറപ്പാണ് പെറ്റിട്ടവൾക്ക് നാടില്ല, തലവര തീർന്നപ്പം തമ്പുരാനവളുടെ ഉയിരെടുത്തു. കൊച്ചിനെ തെരക്കി വരാൻ ഭൂമില് മറ്റൊരു കണ്ണിയില്ല.""
പെറ്റിട്ടയുടൻ തന്നെ പന്തീരമ്മ പറഞ്ഞു. പന്തീരമ്മ അവന് പേരിട്ടു.
''നീ വിശ്വം കീഴടക്കേണ്ടവൻ, വിശ്വനാഥൻ.""
പന്തീരമ്മ പറഞ്ഞാലത് അച്ചട്ടാണ്. നാട്ടുകാരവനെ ദൈവപെറപ്പായി കണ്ടു. പന്തീരമ്മ മരിച്ചപ്പോൾ പൊതുവാൾ മാഷും രാജേട്ടനും കൂടി വിശ്വനാഥനെ സ്‌കൂളിൽ ചേർത്തു. വിശ്വനാഥനോട് സാധാരണ കുട്ടിയെപ്പോലെ പെരുമാറണമെന്ന് പൊതുവാൾ മാഷ് മറ്റ് അദ്ധ്യാപകരെയും പ്രത്യേകം അറിയിച്ചു. കോളേജിലായപ്പോഴേക്കും വിശ്വനാഥൻ മറ്റുള്ളവരിൽ നിന്ന് വേറിട്ടവാനാണെന്നുള്ള ചിന്ത എല്ലാവരിൽ നിന്നും പൂർണമായും അകന്നു. അതോടെ നീന്തൽ,ഗുസ്തി, തുടങ്ങിയവ കൂടാതെ കാൽപ്പന്തും കസർത്തുമൊക്കെക്കൂടി ആളൊരു മസ്സിൽമാനായി മാറാൻ തുടങ്ങി. പോരെങ്കിൽ കോഴിയും ആടും പോത്തുമൊക്കെ മൂക്കുമുട്ടെ വാരി വലിച്ച് തിന്നുന്ന നല്ലൊരു മാംസഭുക്ക് കൂടിയായപ്പോൾ ഇര വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ കൈയ്യിലും കാലിലുമൊക്കെ മസ്സിലുരുണ്ടു കേറി. വിശ്വനാഥൻ അന്നും ഇന്നും അങ്ങനാണ്. കുഴച്ചുരുട്ടിയ കളിമൺ ശില്പം കണക്കെ ഏതു രൂപത്തിലും ഭാവത്തിലും ആർക്കും എളുപ്പത്തിൽ അയാളെ മെനഞ്ഞെടുക്കാമെന്ന് തോന്നും.
പിന്നൊരു ദിവസം പന്തീരമ്മ ഉറക്കത്തിൽ വന്ന് അവനോട് പറഞ്ഞു.
''മോനെ വിശ്വനാഥാ പന്തീരമ്മയ്‌ക്ക് ഇനി ഇതുപോലെ വരാനൊക്കില്ല. നിന്റെ ശക്തിയിപ്പോ ഉടലിൽ മാത്രമായി ഒതുങ്ങിപ്പോയക്കൊണ്ട് പന്തീരമ്മയ്‌ക്ക് സങ്കടംണ്ട്. വിധിയെ തടുക്കാനാവില്ല. പന്തീരമ്മ നിന്റെ ജനനത്തെപ്പറ്റി പറഞ്ഞത് സത്യമാണെന്ന് നീ അറിയണം.നാളെ സായംകാലത്തിന് മുൻപ് ഇരിക്കുന്നിടത്തൂന്ന് അമ്പതടി ചുറ്റളവിലുള്ള ഒരു വാകമരം കടപുഴകി വീണ് അഞ്ചട്ടെണ്ണം ചാവും. തടയാമെങ്കിൽ നീ തടഞ്ഞ് കാണീര്. ഇത് പന്തീരമ്മയുടെ പ്രാക്കല്ല, നീ നിന്നെ വിശ്വസിക്കുന്നതിലും കൂടുതൽ മറ്റുള്ളവർ വിശ്വസിക്കുമെന്ന് തോന്നിയത് കൊണ്ട് പറയിച്ചതാണ്.""
പന്തീരമ്മ പറഞ്ഞത് അച്ചട്ടായിരുന്നു. പിറ്റേന്ന് വീടിന് പിന്നാമ്പുറത്തുള്ള കൂറ്റനൊരു വാക മരം മറിഞ്ഞുവീണു. പക്ഷേ അഞ്ചെട്ടെണ്ണത്തിനെ കൊലയ്‌ക്ക് കൊടുക്കാൻ അനുവദിക്കാതെ വിശ്വനാഥനെന്ന ഈശ്വാരാവതാരം രക്ഷകനായെന്ന് പൊതുവാൾ മാഷ് ഒഴികെ എല്ലാവരെയും കൊണ്ട് പറയിപ്പിക്കാൻ ആ സംഭവത്തിനായി. അതിൽപ്പിന്നെ പന്തീരമ്മ പറഞ്ഞത് ഉദ്ധരിച്ച്, 'തന്നേക്കാൾ തന്നിലുള്ള വിശ്വാസം അതുണ്ടാകേണ്ടവർക്കുണ്ടായാൽപ്പിന്നെ താനെന്തിന് ഭയപ്പെടണം' എന്ന് വിശ്വനാഥനുമൊരു തോന്നലുണ്ടായി. സ്‌നിഗ്ദ്ധതയും സ്ഥര്യവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയെന്ന് മറ്റാരേക്കാളും നന്നായി മനസ്സിലാക്കിയ വിശ്വനാഥന് ഈയിടെയായി ഒരു ഉൾഭയം. ലോകത്തെവിടെയും ഡിമാന്റുള്ള ഒരു ഉൽപ്പന്നം കൈയ്യിലിരിക്കുമ്പോഴുള്ള ജാഗ്രത. അതുണ്ടാക്കുന്ന പിരിമുറുക്കത്തിൽ ഇടക്കിടയ്‌ക്ക് അടിവയറ്റീന്നൊരു വെപ്രാളം.
വൈകുന്നേരം തിരുവന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കണം. പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പോകേണ്ടുന്ന ദിവസം യാദൃശ്ചികവശാൽ വിശ്വനാഥൻ സ്വന്തം നാടായ കായലക്കരയായിരുന്നു.വള്ളത്തിൽ കടത്ത് കഴിഞ്ഞ് അക്കരെ ചെന്ന് അവിടന്ന് കാറിൽ പോവുകയല്ലാതെ മറ്റ് യാത്ര മാർഗമില്ല.ആളെ തിരിച്ചറിയാതിരിക്കാൻ തലയിലൂടെ ഒരു മുണ്ടിട്ട് നിസ്വനായ ഈശ്വര പ്രേഷിതനെപ്പോലെ വള്ളത്തിന്റെ ഒരു മൂലയിൽ അദ്ദേഹം ഇരുന്നു.ഉദിച്ചുയർന്ന സൂര്യന്റെ തീക്ഷ്ണ കിരണങ്ങളിൽ തളർന്ന് വള്ളത്തിലിരുന്ന പെണ്ണുങ്ങൾക്കുമുണ്ട് സാരിത്തലപ്പിട്ട് തലയിലൊരു മറവ്. പുരുഷന്മാർ രണ്ടെണ്ണം. അതിൽ മൂപ്പീന്ന് ഒരാൾ വെള്ള തോർത്തിട്ട് തലമറയുണ്ടാക്കിയിട്ടുണ്ട്. പിന്നൊരാൾ, കൊറ്റിയെപ്പോലെ മെലിഞ്ഞ് നീണ്ട് അങ്ങേത്തലയ്‌ക്കൽ നിൽക്കുമ്പോൾ തല ഇങ്ങേത്തലയ്‌ക്കൽ എത്തുമെന്ന് തോന്നും. കൊറ്റി വെയിൽ വക വയ്‌ക്കുന്നില്ല. കയറിയപ്പോൾ മുതൽ നിർത്താതെ സംസാരമാണ്.പലതും പറയുന്ന കൂട്ടത്തിൽ വള്ളത്തിലിരിക്കുന്ന നമ്മുടെ വിശ്വനാഥനെപ്പറ്റിയുമുണ്ടായി കുറ്റം പറച്ചിലുകൾ. ''ദൈവമായാലും വിമർശനങ്ങൾക്കതീതനല്ലല്ലോ, അല്ലേ?"" അയാൾ വള്ളത്തിലിരുന്നവരോട് ആരാഞ്ഞു.അവർ തലയാട്ടി. ആനന്ദാതിരേകത്താൽ കൊറ്റിയുടെ മുഖം ചുവന്ന് തുടുത്തു.വിശ്വനാഥന്റെ മുഖം രോഷത്താലും. തുഴയെറിയുന്നതിനിടയിൽ വള്ളക്കാരൻ കായലിലേക്ക് മുറുക്കി തുപ്പി. കയർ പിരിക്കുന്ന പെണ്ണുങ്ങൾ പിറകിലേക്ക് നടന്ന് കയർ പിരിച്ച ശേഷം അച്ച് എടുത്ത് ഇരുപ്പ് വണ്ടിയുടെ അടുത്തേക്ക് ധൃതിയിൽ ഓടിപ്പോകുന്നതും കലപില വർത്തമാനങ്ങള കയർ വണ്ടികളുടെ ശബ്‌ദവും ആകെക്കൂടി കായലോരം ശബ്‌ദമുഖരിതമാണ്. അവിടെ നിൽക്കുന്ന മരങ്ങൾ നിറയെ ഒതളങ്ങ പിടിച്ച് കായൽ മുട്ടോളം തൂങ്ങിയാടുന്നത് കാണാം.ഒതളങ്ങ പൊട്ടിച്ച് കായലിൽ കലക്കി മീൻ പിടിക്കുന്നത് പണ്ടൊക്കെ പതിവ് കാഴ്‌ചയായിരുന്നു. ചത്തു പൊങ്ങുന്ന മീനുകളിൽ ചിലത് പിന്നീട് കൊറ്റികൾ വന്ന് കൊത്തി തിന്നും.വള്ളത്തിൽ കണ്ട കൊറ്റിയും വിശ്വനാഥനെന്ന ഇരയെ കോർത്ത് മീനുകൾ കൊത്താനെന്നവണ്ണം ചൂണ്ടയിട്ടിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ വിശ്വനാഥനോടുള്ള തന്റെ പ്രതിഷേധം കുറഞ്ഞപക്ഷം വള്ളത്തിലിരിക്കുന്നവരെയെങ്കിലും ബോധ്യപ്പെടുത്താനുള്ള കൊറ്റിയുടെ ശ്രമം തുടർന്നു. നെഞ്ചിലേയും കഴുത്തിലെയും ഞരമ്പുകൾ പിടഞ്ഞ് വരുംവിധം കഴ എറിഞ്ഞ് തുഴഞ്ഞിട്ടും വള്ളം കായലിന്റെ പകുതിപോലും താണ്ടിയിട്ടില്ല. എതിർക്കാറ്റുണ്ടെന്നു വള്ളക്കാരൻ പറഞ്ഞു.കായലക്കര പഞ്ചായത്തിന്റെ പഴയ പ്രസിഡന്റും മാർഗദർശിയുമായ രാജേട്ടനെ വന്ന് കാണാനുള്ള തീരുമാനം വളരെ പെട്ടെന്നെടുത്തതായിരുന്നു. പൊതുവാൾ മാഷ് മരിക്കാൻ കിടന്നപ്പോഴുമുണ്ടായിട്ടുണ്ട് വിശ്വനാഥന്റെ ഇതുപോലൊരു വരവ്. കിടപ്പിലായ രാജേട്ടനെയും മരിക്കുന്നതിന് മുൻപ് വന്ന് കാണേണ്ട കടമ അദ്ദേഹത്തിനുണ്ടല്ലോ. അതുകൊണ്ടാണ് ഇന്നലെ രാത്രി ആരെയും അറിയിക്കാതെ കൊല്ലത്ത് നിന്ന് നേരെ ഇവിടേയ്‌ക്ക് വരേണ്ടിവന്നത്. ഇങ്ങനെയൊരു ഒടിയൻ കളിയല്ലാതെ നാട്ടുകാരെ അറിയിച്ച് കായലക്കര വന്ന് മടങ്ങുക ഒരിക്കലും എളുപ്പമല്ലെന്ന് അറിയാവുന്നതുകൊണ്ട് അദ്ദേഹം ആലോചിച്ച് പദ്ധതി തയ്യാറാക്കി ചെയ്തു പോയതാണ്.
വള്ളം ഏകദേശം കരയോടടുക്കുന്നുണ്ടാവും. വള്ളക്കാരൻ കഴ എറിഞ്ഞപ്പോൾ വള്ളമൊന്നുലഞ്ഞു. ഒരറ്റകൈ പ്രയോഗമെന്നപോലെ, വിശ്വനാഥൻ ഇരുന്ന കൊമ്പിലിരുന്ന് ഉടലിന്റെ വലതു വശം പതുക്കെയൊന്ന് പെരുക്കി, മസ്സിലാകെ ഉരുട്ടി ഒരൊറ്റ വെട്ടിപ്പ്. കൊക്കിനാണ് വച്ചതെങ്കിലും വീണത് മൂപ്പീന്നാണ്. വള്ളത്തിന്റെ വക്കത്തിരുന്ന മൂപ്പീന്ന് നേരെ വെള്ളത്തിലേക്ക്. മൂപ്പീന്ന് വീണ ഉലച്ചിലിൽ വള്ളം മറിഞ്ഞ് വിശ്വനാഥനുൾപ്പടെ എല്ലാവരും കായലിൽ വീണു. കായലക്കരക്കാർക്ക് നീന്തലറിയാവോന്ന് അന്നും ഇന്നും ആരും ചോദിക്കാറില്ല.അതുകൊണ്ട് തന്നെ ഒരാൾ ഒഴിച്ച് ബാക്കിയെല്ലാവരും നീന്തിക്കയറി. മൂപ്പിന്നാണ് ആദ്യം നീന്തിക്കയറിയത്.കൊറ്റിയും,പെണ്ണുങ്ങളും വള്ളക്കാരനും നീന്തിക്കയറി. വള്ളം ഉലച്ചതിന് പരസ്പരം തെറി പറയുമ്പോഴും പെണ്ണുങ്ങളുടെ കണ്ണുകൾ ഓളപരപ്പുകളിലായിരുന്നു. അവിടെ വള്ളം മാത്രം പകുതി മുങ്ങി കിടന്നു.
''വള്ളകൊമ്പത്തിരുന്ന ആളിതെങ്ങോട്ട് പോയി?" പെണ്ണുങ്ങൾ പരസ്പരം നോക്കി.
''അവനെ കണ്ടപ്പഴേ വരത്താനാണെന്ന് തോന്നി"" പിഴിഞ്ഞ തോർത്ത് കുടഞ്ഞ് ദേഹമൊപ്പുമ്പോൾ മൂപ്പീന്ന് പറഞ്ഞു. കുറേനേരം പെണ്ണുങ്ങൾക്ക് കാലുകളനങ്ങിയില്ല.പ്രതീക്ഷ വറ്റി അവർ തിരിഞ്ഞ് മുന്നോട്ട് നടന്നു. കടവിൽ നിന്ന് റോഡ് ആരംഭിക്കുന്നിടത്ത് വിശ്വനാഥന് യാത്രയ്‌ക്കായുള്ള കാർ തയ്യാറായി കിടപ്പുണ്ടായിരുന്നു.അവിടന്ന് കിഴക്കോട്ട് തിരിഞ്ഞ് മുന്നോട്ട് പോയപ്പോൾ ആദ്യം കാണുന്ന കരിമ്പാറയ്‌ക്ക് മുകളിൽ ഒരാൾ ധ്യാനനിരതനായിരിക്കുന്നു. ആരോ വിളിച്ചു പറഞ്ഞു ' വിശ്വനാഥ സാമികൾ ' എല്ലാവരും അങ്ങോട്ടോടി. നഞ്ച് തിന്ന് ചത്തുപൊങ്ങിയ പരൽ മീനിനെപ്പോലെ കൊറ്റി റോഡിൽ പാതി ബോധത്തിൽ വീണ് കിടന്നു. പന്ത്രണ്ട് മണിയോടെ വിശ്രമ സൗകര്യമൊരുക്കിയിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലിനകത്തേയ്‌ക്ക് ശിഷ്യഗണങ്ങളും സംഘാടകരും ചേർന്ന് അദ്ദേഹത്തിന് വമ്പൻ വരവേൽപ്പ് നൽകി.ആകാശം മുട്ടിയുരുമ്മി നിൽക്കുന്ന കൂറ്റൻ കെട്ടിടത്തിന് സമീപത്തുള്ള പറമ്പിൽ വലിയൊരു ഓഡിറ്റോറിയം തയ്യാറായികിടപ്പുണ്ട്. ആരവങ്ങളല്ല, പ്രാർത്ഥനാ മന്ത്രങ്ങളാണ് അവിടെങ്ങും മുഴങ്ങി കേൾക്കുന്നത്. ഹോട്ടലിനകത്തും പുറത്തും വരുന്ന വഴികളിലുമെല്ലാം വിശ്വനാഥന്റെ ചിത്രങ്ങളുടെ കൂറ്റൻ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത് കാണാം.അദ്ദേഹത്തെ ഒരു നോക്ക് കാണാനും അനുഗ്രഹം വാങ്ങാനുമായി ഹോട്ടലിൽ മുറിയെടുത്ത് തങ്ങുന്നവർ ധാരാളമുണ്ടെന്ന് ഹോട്ടലധികൃതർ അറിയിച്ചു.ഹോട്ടലിലെ പാട്ടുപെട്ടി വിശ്വനാഥ സ്തുതികൾ വിശ്രമമില്ലാതെ പാടിക്കൊണ്ടിരിക്കുന്നു. ചലിക്കുന്ന ഗോവണി വഴിമുകളിലത്തെ നിലയിൽ പ്രത്യേകം ഒഴിച്ചിട്ട മുറിക്ക് മുന്നിൽ വരെ അദ്ദേഹത്തെ അനുഗമിച്ച ശിഷ്യ ഗണങ്ങൾ അൽപ്പം കഴിഞ്ഞ് തിരികെപ്പോയി.തുറന്നിട്ട വിശാലമായ മുറികൾ നോക്കി കാണുമ്പോൾ അവിടെ ഇടനാഴിയിൽ നിന്നും ആരോ അദ്ദേഹത്തെ വിളിച്ചു. 'അങ്കിൾ...'
അദ്ദേഹത്തിന് ആശ്ചര്യമായി. വിളി കേട്ടിടത്തേയ്ക്ക് ദൃഷ്ടിയെത്തും മുൻപേ പിന്നെയും വിളി 'അങ്കിൾ...' ആ കുഞ്ഞ് ശബ്ദം കൂടുതൽ അടുത്തേക്ക് വന്നു. എൽ.ഇ.ഡി ബൾബുകൾ പല നിറങ്ങളിലായി മിഴിചിമ്മിക്കൊണ്ടിരുന്ന ഹോട്ടലിനകത്തെ ഇടനാഴിയിലൂടെ ഒരു പന്തുരുണ്ട് വന്നു. കുട്ടി പാന്റിട്ട ചെറുക്കൻ ഒരു ചെറിയ ചെറുക്കൻ പതിയെ വന്ന് പന്തെടുത്തു. ചെറുക്കന്റെ അങ്കിൾ വിളി വിശ്വനാഥന് തീരെ ഇഷ്ടമായില്ല. അദ്ദേഹം അവനെ അടുത്തേക്ക് വിളിച്ചു. സ്വഭാവ ദൂഷ്യത്തിന് പൊതുവാൾ മാഷിന്റെ കൈയ്യിൽ നിന്ന് കിട്ടിയ അടിയുടെ ചൂടോർക്കുമ്പോൾ ഇപ്പോഴുമുണ്ട് തുടയിലെ പാടുകൾക്കൊരു തരിപ്പ്.
''ആരെടാ നിന്റെ അങ്കിൾ?""
മുരണ്ടു കൊണ്ട് മുണ്ട് മടക്കി കുത്തി അദ്ദേഹം ചെറുക്കന് നേരെ കൈയ്യോങ്ങി നിന്നു. നാലുപാടും നിരീക്ഷണ കാമറകൾ പ്രവർത്തിക്കുന്ന കാര്യം അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. തല്ലാനുയർത്തിയ കൈ അദ്ദേഹം ഞൊടിയിൽ അനുഗ്രഹമാക്കി മാറ്റി. ചെറുക്കൻ പുരികം വളച്ച് തുറിച്ച് നോക്കി നിന്നു. കൈയ്യിലിരുന്ന പന്ത് തറയിലേക്ക് ഒറ്റ ഏറ് കൊടുത്ത് വളച്ച പുരികത്തിൽ ഒന്ന് നിവർത്തി ചെറുക്കൻ പിണങ്ങി നിന്നു. അദ്ദേഹം മുറിയിലേക്ക് കയറിയപ്പോൾ ചെറുക്കൻ തട്ടിയ പന്ത് നേരെ മുറിയ്‌ക്കകത്ത് വന്നു വീണു. അദ്ദേഹമത് തിരികെ തട്ടുമെന്ന പ്രതീക്ഷയിൽ അവൻ വാതിൽക്കൽ വന്ന് കൺചിമ്മി. അഴുകിയ തൊണ്ടിന്റെ മണമുള്ള പതുപതുത്ത ചേറിലും പറമ്പുകളിലും ഓടിക്കളിച്ച പഴയ കാൽപ്പന്ത് കളിയുടെ കാലം മനസ്സിലൊരു പുൽനാമ്പ് തട്ടും പോലെ ഓർത്തപാടെ വലതുകാൽ ചരിച്ച് അദ്ദേഹം ഒരൊറ്റ തട്ട് തട്ടി.പന്ത് നേരെ ചെറുക്കന്റെ അടുക്കലെത്തി. ചെറിയ മനുഷ്യരുടെ പിണക്കങ്ങൾക്കെപ്പോഴും പണ്ടൊക്കെ ഒരു കാൽപ്പന്ത് തട്ടിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടിച്ച പന്ത് കാലിൽ കിട്ടി തിരികെ തട്ടുമ്പോൾ ഏത് പിണക്കവും പൊടുന്നനെ മാറും. ചെറുക്കൻ പിണക്കം മാറി പുഞ്ചിരിച്ചു.
ശുചി മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോൾ അദ്ദേഹം ചെറുക്കനെ അകത്ത് വന്നിരുന്നോളാൻ ക്ഷണിച്ചു. ചെറുക്കൻ ഇല്ലെന്ന് തലയാട്ടി. അദ്ദേഹം തിരിഞ്ഞതും കാതടക്കുന്ന ശബ്ദത്തിൽ ചെറുക്കൻ വന്ന് വാതിലടച്ചതും ഒരുമിച്ചായിരുന്നു. പ്രതീക്ഷിക്കാതെയുള്ള ഒച്ച കേട്ട് അദ്ദേഹം തെറിച്ച് ചെന്ന് സോഫയിൽ വീണു. കിതപ്പ് മാറും വരെ അവിടെയിരുന്നു. ഷവറിൽ നിന്നും വെള്ളം ധാരധാരയായി വീഴുമ്പോഴും ചെറുക്കനായിരുന്നു അദ്ദേഹത്തിന്റെ മനസിൽ.
കൂരമ്പുകൾ എറിഞ്ഞുള്ള അവന്റെ നോട്ടം. എന്താണ് അവന്റെ ഉദ്ദേശം.
കുളി കഴിഞ്ഞ് വാതിലിനരികിലെത്തി ഡോർ ലെൻസിലൂടെ പുറത്തേക്ക് നോക്കി. ഇല്ല, ചെറുക്കൻ പോയി. സമാധാനത്തോടെ സോഫയിൽ പോയി ഇരിക്കുന്നേരം വീണ്ടും ചെറുക്കന്റെ വിളി.
''അങ്കിൾ....""
വാതിൽ തൽക്കാലം തുറക്കുന്നില്ലെന്ന് തീരുമാനിച്ച് അദ്ദേഹമിരുന്നു. വാതിലിൽ ഉറക്കെ മുട്ടുന്ന ശബ്ദം. അന്നേരം ചെറുക്കൻ പുറത്ത് നിന്ന് വിളിച്ച് പറഞ്ഞു
''അങ്കിൾ...ഞാൻ അരുന്ധതിയുടെ മകനാണ്. അമ്മ അങ്കിളിന്റെ വലിയ ഫാനാ…വാതിൽ തുറക്കൂ.""
''അരുന്ധതി...""
കവിത എഴുതാറുള്ള അരുന്ധതി.ഒരു കാലത്ത് എല്ലാമെല്ലാമായിരുന്ന അരുന്ധതി. എഴുതി കീറിക്കളഞ്ഞോരു കവിത പോലെ പ്രാരംഭത്തിൽ തന്നെ ഉപേക്ഷിക്കപ്പെട്ടവൾ. വാകമരത്തിൽ കുടിയേറിയ ദൈവം ഉടലിലേക്ക് പരകായ പ്രവേശം നടത്തിയ ദിവസം ഒരു വാക്ക് പോലും മിണ്ടാനാകാതെ പടികടന്നിറങ്ങിപ്പോയത് ഇന്നും ഒരു വിങ്ങലായി ഓർക്കുന്നു. ഇപ്പോഴിതാ ഒരു നിമിത്തം പോലെ, തിരസ്‌കരിച്ചതിലുള്ള വെറുപ്പോ വിദ്വേഷമോയില്ലാതെ മകനുമായി അരുന്ധതി കാണാനെത്തിയിരുന്നു. അദ്ദേഹം ഓടിച്ചെന്ന് വാതിൽ തുറന്നു. നിഷ്‌കളങ്കതയാണ് അവന്റെ മുഖത്തുള്ളതെന്ന് അപ്പോൾ അദ്ദേഹത്തിന് തോന്നി. കുറയാതെ ദിവസം നൂറ്റമ്പത് പുഷ്അപ്പ് എടുത്ത് മസ്സിലുറച്ച ശരീരമുള്ള സാഹസികനായ വിശ്വനാഥൻ ഒരു കുഞ്ഞ് പൈതലിനോട് ക്രോധവും വിദ്വേഷവും കാണിച്ചത് ഛായ്... മോശം!
''അങ്കിൾ മൈ നെയിം ഈസ് ഭ്രാമ, സൺ ഓഫ് അരുന്ധതി സത്യദാസ്.""
''അതെയോ...നീ അരുന്ധതിയുടെ മകനാണോ...""
ഭാര്യയാകേണ്ടിയിരുന്നവൾ ഭക്തയായി അരികിലെത്തിയിരിക്കുന്നു. ചെറുക്കനെ മടിയിലിരുത്തി കൊഞ്ചിച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയണമെന്നുണ്ട്. പക്ഷേ ചെറുക്കൻ അടുക്കുന്നില്ല. അരുന്ധതിയ്‌ക്ക് ഇത്രയും ചെറിയൊരു മകനുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.അറിയാനുള്ള ആവേശത്തിൽ അദ്ദേഹം പിന്നെ തിരക്കിയത് അവന്റെ അച്‌ഛനെക്കുറിച്ചാണ്. ഒട്ടും ആലോചിക്കാതെ ചെറുക്കൻ മറുപടി പറഞ്ഞു.
''സോറി...അച്‌ഛൻ അങ്കിളിന്റെ ഫാനല്ല. അച്‌ഛൻ പറയുന്നത് ദൈവത്തിന് കണ്ണും കൈയ്യും കാലും സ്‌നേഹവും കോപവും ഉണ്ടാവില്ലെന്നാണ്. ദൈവം സർവ്വ വ്യാപിയെന്നാണ് അച്‌ഛൻ പറയാറ്.""
അദ്ദേഹം എഴുന്നേറ്റ് ഒരു ബട്ടൺ അമർത്തി.അധികം താമസിയാതെ ഒരാൾ താലത്തിൽ ഭക്ഷണം കൊണ്ടു വന്നു. ഭക്ഷണം ഒരെണ്ണം ബാക്കി വയ്‌ക്കാതെ ചെറുക്കൻ താലം കാലിയാക്കി.
''അങ്കിൾ ഫുഡ് സൂപ്പർ, എല്ലാം എന്റെ ഫേവറിറ്റ് ഐറ്റംസ്.""
''ആട്ടെ, ഭ്രാമ എന്നെ കണ്ടുവല്ലോ.ഇനി മുറിയിലേക്ക് മടങ്ങിക്കോളൂ. അമ്മ പേടിക്കും.""
''ഐ തിങ്ക് എ ഗോഡ് ഷുഡ് ബി മോർ ജന്റിൽ.""
ചെറുക്കന്റെ മറുപടി അദ്ദേഹത്തിന് തികച്ചും അപ്രതീക്ഷിതമായിരുന്നു. ചെറുക്കൻ വിചാരിച്ചപോലെ അത്ര പീക്കിരിയല്ല. ഇന്റലെക്ച്ച്വലായ മറുപടിയ്‌ക്ക് അദ്ദേഹം ചെറുക്കനെ അഭിനന്ദിച്ചു. വിശ്വനാഥൻ ആരാണെന്നും തന്റെ ശക്തി എന്താണെന്നും അരുന്ധതിയുടെ മകൻ അറിയണമെന്ന് അദ്ദേഹത്തിന് ഒരാഗ്രഹം തോന്നി. അദ്ദേഹം അൽപ്പനേരം കണ്ണടച്ചിരുന്ന് ധ്യാനിച്ചു. കൺചിമ്മി തുറക്കുന്ന മാത്രയിൽ കൈ വായുവിൽ ചുഴറ്റി ഒരു ആപ്പിൾ എടുത്ത് അദ്ദേഹം ചെറുക്കന് നൽകി. ചെറുക്കൻ കൈകൊട്ടി ചിരിച്ചുകൊണ്ട് ആപ്പിൾ വാങ്ങി കഴിച്ചു.തന്റെ ജാലവിദ്യ ചെറുക്കാനിഷ്‌ടമായതറിഞ്ഞ് അദ്ദേഹം സന്തോഷിച്ചു. ഭാമ തുറന്ന് കാണിച്ച ഓർമ്മകളുടെ പുസ്തകം മടക്കി വച്ച് അദ്ദേഹം കസേരയിൽ നിന്നെഴുന്നേറ്റ് ചുറ്റിലും കണ്ണോടിച്ചു. ഇടനാഴിയിലെ ചുവരുകളിൽ പതിച്ചിരിക്കുന്ന മനോഹരശില്പങ്ങളും രാത്രിയെന്നോ പകലെന്നോ അറിയാൻ കഴിയാനാകാത്തവിധംവർണം വിതറുന്ന മനോഹര ദൃശ്യവും കണ്ട് നിൽക്കുമ്പോഴാണ് പിറകിൽ നിന്ന ചെറുക്കന്റെ നിലവിളി ഉയർന്നത്.
''എന്താ...എന്ത് പറ്റി?....ഇങ്ങനെ കരയല്ലേ...മുത്തേ...പൊന്നേ...""
ചെറുക്കന്റെ കരച്ചിലിന് ശക്തി കൂടി. വിരണ്ട് പോയ വിശ്വനാഥൻ ചാടിയെണീറ്റ് വായ പൊത്തിപ്പിടിച്ചിട്ടും കിണറ് കപ്പിയുടെ കര കര ശബ്ദത്തോടെ ചെറുക്കൻ ഏങ്ങി കരഞ്ഞു. സർവ്വ ശക്തിയുമെടുത്ത് കൈതട്ടി മാറ്റി ചെറുക്കൻ ഓടിയത് അകത്തെ ടോയ്‌ലെറ്റിലേക്കാണ്. അതുവരെ പറയാൻ മടിച്ച് നിന്ന ചെറുക്കൻ വാതിൽപോലും ചാരാതെ എളുപ്പത്തിൽ കാര്യം സാധിച്ച് നീട്ടി വിളിച്ചു.
''അങ്കിൾ…പ്ലീസ് ഹെല്പ്...""
ലജ്ജയും ആശ്വാസവും കലർന്ന ചെറുക്കന്റെ ശബ്ദം വിണ്ടുകീറിയ ഇടിമുഴക്കം പോലെയാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. ആഗന്തുകൻ അന്തകനായി മാറുന്ന ദൗർഭാഗ്യതയോർത്ത് സ്‌തബ്‌ധനായി നിന്നുപോയി വിശ്വനാഥ സ്വാമികൾ.
''അമ്മയാണിതൊക്കെ ചെയ്യാറുള്ളത്, അതോണ്ടല്ലേ അങ്കിൾ....""
അവൻ കെഞ്ചി.
ഏത് അമ്മ? ഏത് അരുന്ധതി?ഏത് ഭ്രാമ?... അപമാനിക്കാൻ വേണ്ടി ആരോ മനഃപൂർവ്വം ചെറുക്കനെ അയച്ചിരിക്കയാണ്. ലക്ഷങ്ങൾ ആരാധിക്കുന്ന ജ്ഞാനമൂർത്തി ഒരു പീറ ചെറുക്കന്റെ ഇച്ചി കഴുകി തുടച്ച് വൃത്തിയാക്കാനോ? അസംഭവ്യം!
വീണ്ടും വീണ്ടും ചെറുക്കന്റെ ദയാപൂർവ്വമായ അഭ്യർത്ഥന. നിഷ്‌കളങ്കത നിറഞ്ഞ മുഖം. അദ്ദേഹം മുറിക്ക് പുറത്തിറങ്ങി മറ്റാരെയോ തിരഞ്ഞു. മറ്റുള്ളവർ അറിയുന്നത് നാണക്കേടാണെന്നോർത്തപ്പോൾ അതും വേണ്ടെന്ന് വച്ചു. ഭക്തരുടെ ഏത് വ്യഥകൾക്കും ഒരു ചെറു പുഞ്ചിരിയിൽ,തലോടലിൽ പരിഹാരം കണ്ടെത്താറുള്ള വിശ്വനാഥന് ഇത്രയും നിസ്സാരമായ ഒരു കാര്യത്തിന് എന്താണിത്രയും ആലോചിക്കേണ്ടി വരുന്നത്? ജീവിതത്തിലിന്നേവരെ ഇത്രയധികം സംഘർഷത്തിലകപ്പെട്ടിട്ടില്ല. പണ്ടും അവതാര പുരുഷന്മാർ ഇത്തരം ധർമ്മസങ്കടക്കടലുകൾ നീന്തിക്കയറിയവരാണെന്ന് അറിഞ്ഞിരിക്കുന്നു. പക്ഷേ അതിനൊക്കെ ഒരു മര്യാദയുണ്ടായിരുന്നു ...ന്റെ പന്തീരമ്മാ...
ആത്മസ്തുതികളേക്കാൾ ആത്മസംയമനമാണ് ഈയൊരു അവസ്ഥയിൽ നല്ലതെന്ന് തോന്നിച്ച് ഒടുവിൽ ഗത്യന്തരമില്ലാതെ ഭഗവൽരൂപം തൃക്കൈകൾ ഉയർത്തി ആ കർമ്മം മംഗളമായി നിർവ്വഹിച്ചു. ആശ്വാസത്തോടെ 'താങ്ക്സ് ' പറഞ്ഞ് കുസൃതി ചിരിയോടെ ചെറുക്കൻ പുറത്തേക്കോടി. വിശ്വനാഥൻ ശുചിമുറിയിൽ കയറി കൈ സോപ്പുപയോഗിച്ച് മതിയാവോളം ഉരച്ച് കഴുകി. പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് സുഗന്ധം പൂശി. ധ്യാനിച്ച് മനസ്സിനെ ഏകാഗ്രമാക്കി പൂർണ്ണതയിലേക്കെത്താൻ ശ്രമിച്ചു. ഇല്ല, ഒന്നിനും കഴിയുന്നില്ല. കഭ്രാന്തിളകിയപോലെ വിശ്വനാഥൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. സംഘാടകരെ വിളിച്ചുവരുത്തി വിവരം അറിയിച്ചു.
''ഇന്നിനി എനിക്കീ ചടങ്ങിൽ പങ്കെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.""
''ചടങ്ങ് ബഹിഷ്‌കരിക്കരുത് സ്വാമിൻ.""
അവർ അദ്ദേഹത്തിന്റെ കാല് പിടിച്ചു.ഒരു ചെറിയ ഇച്ചിരി പ്രശ്‌നം ഇത്ര വലിയ ഇത്ര വലിയ അന്താരാഷ്ട്ര പ്രശ്നമാകുമെന്ന് സ്വപനത്തിൽപ്പോലും ആരും പ്രതീക്ഷിച്ചതല്ല. നാറ്റക്കേസായതുകൊണ്ട് പുറം ലോകമറിയാതിരിക്കുന്നതാണ് നല്ലതെന്ന് ആലോചിച്ചപ്പോൾ, അദ്ദേഹത്തിനും തോന്നി. ചെറുക്കനെ കണ്ടെത്തി ബന്ധുക്കളെ ഏൽപ്പിക്കാനായി സംഘാടകരും സുരക്ഷ ഭടന്മാരും അവിടൊക്കെ തിരഞ്ഞെങ്കിലും ചെറുക്കനെ പിന്നെ കണ്ടെത്താനായില്ല. അത്ഭുതമെന്ന് പറയട്ടെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴും അങ്ങൊനൊരു ബാലൻ ആ ഫ്ളോറിൽ പോയിട്ട് ഹോട്ടലിൽക്കൂടി പ്രവേശിച്ചതായി ഒരു തെളിവുമില്ലത്രേ!
വൈകുന്നേരം ചടങ്ങ് നടക്കുന്നിടത്തേക്ക് പോകുമ്പോൾ ഗോവണിയ്‌ക്ക് തൊട്ട് താഴെ ,കണ്ടാൽ പ്രായം നാൽപ്പത് തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും, ഒരു പെൺകുട്ടിയും നിൽപ്പുണ്ടായിരുന്നു. അനുഗ്രഹത്തിനായി ആ സ്ത്രീ കാൽക്കൽ വീണ് നിവരുമ്പോൾ തന്നെ അദ്ദേഹം ആ മുഖം തിരിച്ചറിഞ്ഞു.
''അരുന്ധതി…?""
''അതെ സ്വാമി അരുന്ധതി, ഇത് എന്റെ ഒരേയൊരു മകൾ,ഇപ്പോൾ പ്ലസ് ടൂവിന് പഠിക്കുന്നു.""
അവരെ അനുഗ്രഹിച്ച് ഒന്നും മിണ്ടാതെ നടന്ന് നീങ്ങുമ്പോൾ അദ്ദേഹത്തിന് കാലുകൾ തറയിൽ ഉറക്കുന്നുണ്ടായിരുന്നില്ല. അരുന്ധതിക്ക് അങ്ങനൊരു മകനില്ലെങ്കിൽപ്പിന്നെ ഭ്രാമയാര്? വിശ്വനാഥൻ വിയർത്തു. ശാന്തമുഖരിതമായ അന്തരീക്ഷത്തിൽ ചടങ്ങും പ്രാർത്ഥനയും നടന്നു കൊണ്ടിരിക്കുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലാണ് അദ്ദേഹം പിന്നെ ഭ്രാമയെ കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ ആൾക്കൂട്ടത്തിനിടയിലെത്തി മുങ്ങിത്തപ്പി. ഭ്രാമയെ കണ്ടില്ല. വിറയ്‌ക്കുന്ന കാലുകൾ കരുത്തോടെ തറയിൽ ഊന്നാൻ ശ്രമിച്ച് അദ്ദേഹം വേദിയിൽ നിന്നും ഇറങ്ങി ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നു.അല്ല, ഓടി. മറിഞ്ഞ് വീണു. ചാടി പിടഞ്ഞെഴുന്നേറ്റ്, സുരക്ഷാ വലയങ്ങൾ ഭേദിച്ചുകൊണ്ട് അയാൾ അവിടെയെല്ലാം ഓടി നടന്നു, പൊട്ടിച്ചിരിച്ചു. നിലയ്‌ക്കാത്ത ഓട്ടത്തിനൊടുവിലെപ്പോഴോ അയാൾ ആ വേദിയ്‌ക്കരുകിൽ തളർന്ന് വീണു. ഇടയ്‌ക്കെപ്പോഴോ തുറന്ന കണ്ണുകളടയുമ്പോഴും ഭഗവൽ ഗീതം ഉറക്കെ പാടി ജനം അദ്ദേഹത്തിന് ചുറ്റും നിൽപ്പുണ്ടായിരുന്നു.