
ന്യൂഡല്‍ഹി : പ്രമുഖ ഡിജിറ്റല്‍ ധനകാര്യ സേവന പ്ലാറ്റ്‌ഫോമായ പേടിഎം ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ക്രെഡിറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയും ഉപഭോക്താക്കളുടെ പര്‍ച്ചേസുകള്‍ അടിസ്ഥാനമാക്കിയും ആണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് നല്‍കാന്‍ കമ്പനി തയ്യാറെടുക്കുന്നത്.
വിവിധ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുമായി ചേര്‍ന്ന് ആയിരിക്കും കാര്‍ഡ് പുറത്തിറക്കുക. അടുത്ത 12 മുതല്‍ 18 വരെ മാസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമാകാന്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതാണ് നീക്കം എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
യുവാക്കള്‍ക്ക് ഉള്‍പ്പെടെ എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുകയാണ് പേടിഎം ലക്ഷ്യമിടുന്നത്. ശമ്പള വരുമാനക്കാരില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
രാജ്യത്ത് ഇപ്പോഴും വളരെ കുറച്ച് പേര്‍ മാത്രമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ മൂന്ന് ശതമാനം പേര്‍ മാത്രമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്. യു.എസ് പോലുള്ള പ്രധാന വിപണികളില്‍ ഇത് 320 ശതമാനം വരെയാണ്. ഉയര്‍ന്ന പ്രോസസിംഗ് കാലയളവും ഡോക്യുമെൻറ്റേഷന്‍ നടപടിക്രമങ്ങളും ഒക്കെ ഇതിന് തടസമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാത്ത 10 ശതമാനം പേരില്‍ എങ്കിലും എത്തുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം. ഇടപാടുകാരുടെ പണം സംരക്ഷിക്കുന്നതിനായി തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് സംരക്ഷണവും നല്‍കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.