joseph

തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനും ആഗോള സഭാഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന കാലംചെയ്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തിരുവല്ല എസ്.സി കുന്നിലെ സെന്റ് തോമസ് പള്ളിയുടെ മദ്ഹബയ്ക്ക് സമീപം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നിനായിരുന്നു കബറടക്കം. നേരത്തെ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ സർക്കാരിനുവേണ്ടി മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ പുഷ്പചക്രം അർപ്പിച്ചു. രണ്ടുദിവസമായി ആയിരക്കണക്കിന് ആളുകളാണ് കൊവിഡ് ചട്ടങ്ങൾ പാലിച്ച് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. കബറടക്ക ശുശ്രൂഷയ്ക്ക് മുന്നോടിയായി എസ്.സി കുന്നിലൂടെ നഗരികാണിക്കൽ ചടങ്ങുകൾ നടത്തി. തുടർന്ന് നടന്ന അന്ത്യശുശ്രൂഷയ്ക്ക് ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി,​ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽഗാന്ധി എം.പി, മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള എന്നിവരുടെ അനുശോചന സന്ദേശങ്ങൾ സഭാ സെക്രട്ടറി കെ.ജി. ജോസഫ് വായിച്ചു. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, കർദ്ദിനാൾ ക്ളീമിസ് കാത്തോലിക്കാ ബാവ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കുരിയാക്കോസ് മാർ സേവേറിയോസ്, എം.പി മാരായ എ.എം.ആരിഫ്, ആന്റോ ആന്റണി, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ, എം.എൽ.എ മാരായ രാജു എബ്രഹാം, വീണാ ജോർജ്ജ്, നഗരസഭാ ചെയർമാൻ ആർ. ജയകുമാർ, ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ തുടങ്ങിയവർ പങ്കെടുത്തു.