
തിരുവനന്തപുരം: തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ ശീത സംഘർഷം നിലനിൽക്കുകയാണെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിൽ വന്ന ഒരു വാർത്തയെ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഈ വാർത്ത തീർത്തും അടിസ്ഥാനവിരുദ്ധമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഈ വാർത്ത ആ പ്രത്യേക മാദ്ധ്യമത്തിൽ മാത്രമാണ് താൻ കണ്ടതെന്നും മറ്റ് മാദ്ധ്യമങ്ങൾ 'ഇത്തരത്തിൽ മോശമായ' രീതിയിൽ വാർത്ത നൽകിയതായി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിപൂര്വവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് ഇതുവരെ പറഞ്ഞിട്ടുള്ളതെന്നും ഇതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനം സർക്കാർ പ്രധാനമന്ത്രിയ്ക്ക് വിഷയത്തിന്റെ തുടക്കത്തിൽ തന്നെ കത്തെഴുതിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
'കേസന്വേഷണം സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കാര്യം അവർ അല്ലെങ്കിൽ കേന്ദ്ര സർക്കാർ പറയട്ടെ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് തുടക്കം മുതൽ എല്ലാ സഹകരണവും സംസ്ഥാന സർക്കാർ നൽകി വരുന്നുണ്ട്. ഇക്കാര്യത്തിൽ മൂന്ന് അന്വേഷണ ഏജന്സികളാണെന്നാണ് തോന്നുന്നത് ഇപ്പോൾ അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അവരെ ഒരു പരാതിയും ഇതുവരെ പറഞ്ഞിട്ടില്ല.' മുഖ്യമന്ത്രി പറയുന്നു.