
പാറ്റ്ന : ബീഹാറിലെ ദർഭംഗ ജില്ലയിലെ ബഹദൂർപൂർ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥിയെത്തിയത് പോത്തിന്റെ പുറത്ത്. ! സ്വതന്ത്ര സ്ഥാനാർത്ഥിയായ നചാരി മണ്ഡൽ ആണ് പോത്തിന്റെ പുറത്ത് നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയത്.
' ഞാൻ സമൂഹത്തിലെ ദരിദ്ര വിഭാഗത്തിൽ നിന്നുള്ളയാളാണ്. ഞാനൊരു ഫാം തൊഴിലാളിയുടെ മകനാണ്. നാല് ചക്രവാഹനമില്ലാത്തതിനാലാണ് ഞാൻ പോത്തിന്റെ പുറത്ത് വന്നത്. പോത്ത്, പശു, കാള ഇതൊക്കെ ഒരു കർഷകന്റെ നിധികളാണ്. ' മണ്ഡൽ പറയുന്നു.
താൻ ജയിച്ചാൽ കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലേക്ക് സർക്കാരിന്റെ ഗുണങ്ങൾ എത്തിക്കുമെന്നും മണ്ഡൽ പറയുന്നു. നേരത്തെ ഉണ്ടായിരുന്ന ജനപ്രതിനിധികൾ ആരും വികസനപ്രവർത്തനങ്ങൾ നടത്താത്തതിനാൽ ജനങ്ങൾക്ക് രോഷമുണ്ടെന്നും മണ്ഡൽ ഓർമിപ്പിച്ചു. അതുകൊണ്ട് തന്നെ താൻ വിജയിക്കുമെന്ന ആത്മവിശ്വാസവും മണ്ഡൽ പ്രകടിപ്പിക്കുന്നു.
ആർ.ജെ.ഡിയുടെ ആർ.കെ. ചൗധരി, ജെ.ഡി.യുവിന്റെ മദൻ സാഹ്‌നി എന്നിവരാണ് ബഹദൂർപൂർ മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികൾ. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടത്തിലാണ് ബഹദൂർപൂർ മണ്ഡലത്തിൽ ജനവിധി. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നീ തീയതികളിൽ മൂന്ന് ഘട്ടങ്ങളിൽ നടക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നവംബർ 10നാണ്.