
ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് താരമായി വെള്ളിത്തിരയിലെത്താനുള്ള തീരുമാനം പിൻവലിച്ച് നടൻ വിജയ് സേതുപതി. മുരളീധരന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽ നിന്നാണ് നടൻ പിന്മാറിയത്. തമിഴ്നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്നാണ് താരത്തിന്റെ പിൻമാറ്റം. ശ്രീലങ്കയിലെ തമിഴ് വംശജരുടെ കൂട്ടക്കൊലയെ മുരളീധരൻ ന്യായീകരിച്ചുവെന്നും മഹീന്ദ രജപക്സെ അനുകൂല നിലപാട് സ്വീകരിച്ചുവെന്നും ആരോപിച്ചാണ് വിജയ് സേതുപതിയെ ചിത്രത്തിൽ നിന്ന് പിന്മാറാൻ ആരാധകർ ആവശ്യപ്പെട്ടത്. വിമർശനം വിവാദമായതോടെ ചിത്രത്തിൽ നിന്ന് പിന്മാറാൻ മുരളീധരൻ തന്നെ വിജയ് സേതുപതിയോട് ആവശ്യപ്പെടുകയായിരുന്നുവത്രേ. ഇക്കഴിഞ്ഞ എട്ടിനാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തിയത്. അന്നു മുതൽ വിമർശനവും ഉയർന്നു. ട്വിറ്ററിൽ ഷെയിം ഓൺ വിജയ് സേതുപതിയെന്ന ഹാഷ് ടാഗ് തുടങ്ങി. പിറകെ രാഷ്ട്രീയ പാർട്ടികൾ സംഭവം ഏറ്റെടുത്തു. മുതിർന്ന സംവിധായകൻ ഭാരതി രാജ അടക്കമുള്ളവർ ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തിയതോടെ സർക്കാരും നിലപാട് വ്യക്തമാക്കി. ഇതോടെയാണ് വിജയ് സേതുപതി ചിത്രത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. എന്നാൽ, നിലവിലെ വിവാദത്തിൽ കടുത്ത വിഷമമുണ്ടെന്നും 2009 ജീവിതത്തിലെ ഏറ്റവും നല്ല വർഷമാണെന്ന തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപെട്ടുെവെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.