
ന്യൂഡൽഹി: പൊതുമേഖലയിലെ ഏക വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റൊഴിയുന്നതിന്റെ ഭാഗമായി താത്പര്യപത്രം സമർപ്പിക്കാനുള്ള അന്തിമതീയതി കേന്ദ്രസർക്കാർ ഡിസംബർ 15ലേക്ക് നീട്ടിയേക്കും. കമ്പനിക്ക് മെച്ചപ്പെട്ട മൂല്യവും യോഗ്യരായ നിക്ഷേപകരെയും ലഭിക്കാൻ വേണ്ടിയാണിത്.
ഓഹരി മൂല്യത്തിന് പകരം ഹ്രസ്വകാല - ദീർഘകാല കടബാദ്ധ്യത ഉൾപ്പെടെ എയർ ഇന്ത്യയുടെ മൊത്തം മൂല്യം (സംരംഭക മൂല്യം) അടിസ്ഥാനമായുള്ള താത്പര്യപത്രങ്ങളാണ് സർക്കാർ ക്ഷണിക്കുന്നത്. നിക്ഷേപകർ മൊത്തം കടബാദ്ധ്യത ഏറ്റെടുക്കണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കും. പകരം, ഓഹരി വിറ്റൊഴിയലിലൂടെ ലഭിക്കുന്ന 85 ശതമാനം തുക കടം വീട്ടാനുപയോഗിക്കും. ബാക്കി സർക്കാർ ഖജനാവിലേക്ക് മാറ്റും.
നിലവിൽ, താത്പര്യം സമർപ്പിക്കാനുള്ള അന്തിമതീയതി ഈമാസം 30 ആണ്. 60,074 കോടി രൂപയുടെ കടബാദ്ധ്യതയാണ് എയർ ഇന്ത്യയ്ക്കുള്ളത്. കമ്പനി കൂടുതൽ ബാദ്ധ്യതയാകുന്നത് ഒഴിവാക്കാനായാണ് സ്വകാര്യവത്കരണനീക്കം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, 50 ശതമാനം ഓഹരി പങ്കാളിത്തമുള്ള എയർ ഇന്ത്യ സാറ്റ്സ് എന്നിവയാണ് വിറ്റൊഴിയുന്നത്.