
അബുദാബി : ഐ.പി.എല്ലിലെ തന്റെ 200-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് തോൽവി. രാജസ്ഥാൻ റോയൽസിനെതിരായ നിർണായക മത്സരത്തിൽ 125/5 എന്ന സ്കോറിൽ ഒതുങ്ങിപ്പോയ ചെന്നൈ സൂപ്പർകിംഗ്സിനെ ഏഴ് വിക്കറ്റിന് രാജസ്ഥാൻ റോയൽസാണ് തോൽപ്പിച്ചത്. സീസണിലെ ധോണിപ്പടയുടെ ഏഴാം തോൽവിയാണിത്. 15 പന്തുകൾ ബാക്കിനിറുത്തിയാണ് രാജസ്ഥാൻ ലക്ഷ്യത്തിലെത്തിയത്.
30 പന്തുകളിൽ 35 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജ,28 പന്തുകളിൽ 28 റൺസടിച്ച ധോണി,25 പന്തുകളിൽ 22 റൺസ് നേടിയ സാം കറാൻ എന്നിവരാണ് ചെന്നൈ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
ചെന്നൈയെപ്പോലെ തുടക്കത്തിലേ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച ജോസ് ബട്ട്ലറും (70*) കാലുറപ്പിച്ചു നിന്ന ക്യാപ്ടൻ സ്റ്റീവൻ സ്മിത്തുമാണ് (26*) രാജസ്ഥാന് സീസണിലെ നാലാം വിജയം സമ്മാനിച്ചത്.
കുറഞ്ഞ സ്കോർ ചേസ് ചെയ്യാനിറങ്ങിയ രാജസ്ഥാന് ബെൻ സ്റ്റോക്സ് (19),റോബിൻ ഉത്തപ്പ(4),സഞ്ജു സാംസൺ (0) എന്നിവരുടെ വിക്കറ്റുകൾ 28 റൺസെടുക്കുന്നതിനിടെയാണ് നഷ്ടമായത്. സ്റ്റോക്സിനെ ദീപക് ചഹർ ബൗൾഡാക്കിയപ്പോൾ ഉത്തപ്പയും സഞ്ജുവും ധോണിക്ക് ക്യാച്ച് നൽകി. ലെഗ് സ്റ്റംപിന് പുറത്തേക്കുപോയ പന്തിൽ അനാവശ്യമായി ബാറ്റുവച്ച സഞ്ജുവിനെ ധോണി തകർപ്പനൊരു ഡൈവിംഗ് ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിലൊരുമിച്ച ബട്ട്‌ലറും സ്മിത്തും വിജയം വരെ പോരാടി.
പ്ളേ ഒാഫ് സാദ്ധ്യതകൾ നിലനിറുത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ടോസ് നേടിയ ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ചപോലൊരു ഇടിവെട്ട് തുടക്കമിടാൻ അവർക്ക് കഴിഞ്ഞില്ല. ഒൻപത് പന്തുകളിൽ 10 റൺസെടുത്ത ഇൻഫോം ബാറ്റ്സ്മാൻ ഡുപ്ളെസിയെ മൂന്നാം ഓവറിൽ ആർച്ചർ ബട്ട്‌ലറുടെ കയ്യിലെത്തിച്ചപ്പോൾ ടീം സ്കോർ 13/1 ആയിരുന്നു. പകരമിറങ്ങിയ വാട്ട്സണും (8)കാലുറപ്പിക്കാനായില്ല. നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി പായിച്ച വാട്ട്സണെ മൂന്നാം പന്തിൽ കാർത്തിക് ത്യാഗി തെവാത്തിയയുടെ കയ്യിലെത്തിച്ചു. ഓപ്പണർ സാം കറാൻ ഒൻപതാം ഓവറിൽ കൂടാരം കയറിയതോടെ തന്റെ 200-ാം ഐ.പി.എൽ മത്സരത്തിനായി ധോണി കളത്തിലേക്ക് ഇറങ്ങി. എന്നാൽ അമ്പാട്ടി റായ്ഡു (13)വിനെ തെവാത്തിയയുടെ പന്തിൽ സഞ്ജു പിടികൂടിയതോടെ ചെന്നൈ ആദ്യ പത്തോവറിൽ 56/4 എന്ന നിലയിലായി.
തുടർന്ന് ക്രീസിലൊരുമിച്ച ധോണിയും ജഡേജയും പതിയെയാണ് മുന്നോട്ടുനീങ്ങിയത്. 17-ാം ഓവറിലാണ് ചെന്നൈ 100 കടന്നത്. 18-ാം ഓവറിൽ ധോണി റൺഔട്ടായി.രണ്ടാം റൺസിനോടിയ ധോണിയെ ആർച്ചറുടെ ത്രോ പിടിച്ചെടുത്ത് സഞ്ജുവാണ് റൺഔട്ടാക്കിയത്.28 പന്തുകൾ നേരിട്ട ധോണി രണ്ട് ബൗണ്ടറികൾ മാത്രമാണ് പായിച്ചത്. തുടർന്നിറങ്ങിയ കേദാർ യാദവ് (6*)നാലാം പന്തിലാണ് ആദ്യ റൺ നേടിയത്.
ധോണി @ 200
ഐ.പി.എല്ലിൽ 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി ചരിത്രം കുറിച്ചു.ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെയായിരുന്നു ധോണിയുടെ ' ഡബിൾ സെഞ്ച്വറി '.
ടീം വിലക്കിലായിരുന്ന രണ്ട് സീസണുകളിൽ ഒഴികെ ധോണി ചെന്നൈ സൂപ്പർ കിഗ്സിന് വേണ്ടിയാണ് കളിച്ചത്. രണ്ട് സീസൺ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിൽ കളിച്ചു.
2010,2011,2018 സീസണുകളിൽ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ധോണി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്ടനായ ഐ.പി.എൽ റെക്കാഡിന് ഉടമയുമാണ്.
ധോണി ഐ.പി.എല്ലിൽ 4000 റൺസ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ കുപ്പായത്തിൽ തികയ്ക്കുന്നതിനും ഇന്നലെ അബുദാബി സ്റ്റേഡിയം സാക്ഷിയായി.ആകെ 4586 റൺസാണ് ധോണി നേടിയിട്ടുള്ളത്. 23 അർദ്ധ സെഞ്ച്വറികൾ. ഉയർന്ന സ്കോർ 84.
രോഹിത് ശർമ്മ(197),സുരേഷ് റെയ്ന(193),ദിനേഷ് കാർത്തിക് (191), കൊഹ്‌ലി (186) എന്നിവരാണ് മത്സരങ്ങളുടെ എണ്ണത്തിൽ ധോണിക്ക് പിന്നിലുള്ളത്.
സഞ്ജു @ 50
രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസൺ ഇന്നലെ ഐ.പി.എല്ലിൽ 50 ക്യാച്ചുകൾ തികച്ചു.വിക്കറ്റ് കീപ്പറായി ഇറങ്ങിയ സഞ്ജു തെവാത്തിയയുടെ ബൗളിംഗിൽ അമ്പാട്ടി റായ്ഡുവിനെ പിടികൂടിയാണ് നാഴികക്കല്ല് താണ്ടിയത്.