pic

പനാജി: വാട്സാപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ച സംഭവത്തിൽ പ്രതികരണവുമായി ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കർ. ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ദൃശ്യങ്ങൾ അയച്ചതു താൻ അറിഞ്ഞിരുന്നില്ലെന്നും ചന്ദ്രകാന്ത് കാവ്‌ലേക്കർ പറഞ്ഞു.

പ്രത്യേക ക്രിമിനൽ ഉദേശ്യത്തോടെയാണ് ചിലർ തന്റെ ഫോൺ ഹാക്ക് ചെയ്തത്. നിരവധി ഗ്രൂപ്പുകൾ ഉണ്ടായിട്ടും ഒരു പ്രത്യേക ഗ്രൂപ്പിലേക്ക് മാത്രം ദൃശ്യങ്ങൾ അയച്ചു. ഈ സമയം താൻ ഉറങ്ങുകയായിരുന്നുവെന്നും ഫോൺ കെെയിൽ ഇല്ലായിരുന്നുവെന്നും ചന്ദ്രകാന്ത് കാവ്‌ലേക്കർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്നെ അപകീർത്തിപ്പെടുത്താനും
തെറ്റായ ഒരു ചിത്രം ജനങ്ങൾക്ക് മുന്നിൽ വരച്ചുകാട്ടാനും സമീപകാലത്തായി ഇത്തരം നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഫോൺ ഹാക്ക് ചെയ്തു ദൃശ്യങ്ങൾ അയച്ചവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും കാവ്‌ലേക്കർ ആവശ്യപ്പെട്ടു.

"വില്ലേജസ് ഓഫ് ഗോവ" എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് മന്ത്രിയുടെ നമ്പറിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി 1:20 ഓടെ പോൺ ചിത്രങ്ങൾ അയച്ചത്. വിഷയം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുകയും ചന്ദ്രകാന്ത് കാവ്‌ലേക്കർക്കെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാ വിഭാഗം ഉപമുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.