
കറാച്ചി : ടിക് ടോക്ക് ആപ്പ് നിരോധിച്ചുകൊണ്ടുള്ള തീരുമാനം മാറ്റി പാകിസ്ഥാൻ. നിരോധനം ഏർപ്പെടുത്തി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് സർക്കാർ ആപ്പിന്റെ നിരോധനം പിൻവലിച്ചത്. സദാചാര പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പാകിസ്ഥാൻ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്.
അതേ സമയം, ചൈനയുടെ കടുത്ത സമ്മർദ്ദം മൂലമാണ് നിരോധനം നീക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനുമായി നയതന്ത്രകാര്യങ്ങളിലും സാമ്പത്തികകാര്യങ്ങളിലും ഉൾപ്പെടെ അടുപ്പം പുലർത്തുന്ന രാജ്യമാണ് ചൈന. ഫേസ്ബുക്കിനും വാട്സ്ആപ്പിനും ശേഷം പാകിസ്ഥാനിൽ ഏറ്റവും പ്രചാരമുള്ള ആപ്പാണ് ടിക് ടോക്ക്.
അശ്ലീലവും അധാർമികവുമായ ഉള്ളടക്കങ്ങളോട് കൂടിയ വീഡിയോ പ്രചരിപ്പിക്കുന്നവരെ ബ്ലോക്ക് ചെയ്യുമെന്നും നയങ്ങളിൽ മാറ്റം വരുത്താമെന്ന ഉറപ്പിൻ മേലുമാണ് ടിക് ടോക്കിനെതിരെയുള്ള നിരോധനം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് പാകിസ്ഥാൻ ടെലികോം അതോറിറ്റി പറയുന്നു.