
വടക്കു പടിഞ്ഞാറെ മൂലയെ കുറിച്ച് പറയാം. നിർമ്മാണ കാര്യങ്ങൾക്ക് ആരും അത്ര പ്രാധാന്യം കൽപിക്കാത്തൊരു ദിക്കാണിത്. എന്നാൽ അങ്ങനെയല്ല, ഒരു ദിക്കിനെയും കുറച്ചുകാണാതിരിക്കണം. വടക്കു പടിഞ്ഞാറെ മൂലയ്‌ക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. വടക്കുപടിഞ്ഞാറു ദിശയിലുണ്ടാവുന്ന കോട്ടങ്ങൾ ജീവിതത്തെ മോശമായി ബാധിച്ചു കാണാറുണ്ട്. അതീവ പ്രാധാന്യമുളള ചില കാര്യങ്ങൾ വടക്കുപടിഞ്ഞാറിൽ ശ്രദ്ധിച്ചേ മതിയാവൂ. കഴിവതും വടക്കു പടിഞ്ഞാറുവഴി വീട്ടിലേയ്‌ക്ക് വഴി ഉണ്ടാവരുത്. വീടിനോട് ചേർന്ന് വടക്കുപടിഞ്ഞാറ് കാർപോർച്ചും സിറ്റൗട്ടും യാതൊരു കാരണവശാലും ചെയ്യാതെ നോക്കണം. വടക്കുപടിഞ്ഞാറ് വായു മൂലയാണ്. വായുവിൽ ഇരിക്കുന്നതൊന്നും നിലനിൽക്കില്ല എന്നാണ് വിശ്വാസം.
വടക്കുപടിഞ്ഞാറ് വഴിയോ കാർപോർച്ചോ വരുമ്പോൾ അത് ഭാവിതലമുറയെ ബാധിക്കുമെന്നാണ് വിശ്വാസം. വടക്കുപടിഞ്ഞാറേയ്‌ക്ക് ഒഴുകിപ്പരക്കുന്ന പ്രാണികോർജ്ജത്തിന് പ്രതിരോധ ശേഷി കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധം കുറയുക എന്നുപറഞ്ഞാൽ പിടിച്ചുനിൽക്കാനാത്ത സ്ഥിതിയെന്നും പറയാം. ഈ ഭാഗത്ത് വഴിയും പോർച്ചും വന്നു ചേരുമ്പോൾ ഇവിടെ അധികസ്ഥലുമുണ്ടാവുകയും അവിടെ പ്രതിരോധ ശക്തിയില്ലാത്ത ഊർജ്ജാവസ്ഥ കൂടുതലുണ്ടാവുകയും ചെയ്യും. വഴിയും പോർച്ചും വടക്കു പടിഞ്ഞാറു വന്നു ചോരുമ്പോൾ ദോഷമുണ്ടാകുമെന്നാണ് വാസ്തുശാസ്ത്രം നിലവിലുളള വീടുകളിൽ ഇത്തരം നിർമ്മാണങ്ങളുണ്ടെങ്കിൽ ആ ഭാഗം കെട്ടിയടച്ച് സന്ദർശക മുറിയായോ ലൈബ്രറിയായോ മാറ്റാം.
വടക്കു പടിഞ്ഞാറിലെ സെപ്ടിക് ടാങ്കാണ് മറ്റൊന്ന്. സെപ്ടിക് ടാങ്കിന്റെ സ്ഥാനം വടക്കു പടിഞ്ഞാറാണ്. അത് ഒരിക്കലും വസ്‌തുവിന്റെയോ മതിലിന്റെയോ വീടിന്റെയോ മൂലകളെ മറികടക്കുന്ന വിധത്തിൽ സ്ഥാപിക്കരുത്. കഴിയുമെങ്കിൽ സെപ്ടിക് ടാങ്ക് വടക്കു പടിഞ്ഞാറിൽ തെക്കു വടക്കായി സ്ഥാപിക്കുന്നതാണ് ഉത്തമം. കിഴക്കു പടിഞ്ഞാറായി മൂലയോടു ചേർന്ന് സെപ്ടിക് ടാങ്ക് വച്ചാൽ അനിയന്ത്രിതമായിരിക്കും വീട്ടിലെ ചെലവുകൾ. വീടിന് പുറത്തായി ചെയ്യുന്ന മിക്ക കോണിപ്പടികളും വടക്കു പടിഞ്ഞാറിലാണ് വയ്‌ക്കുക. ഇത് പടിഞ്ഞാറിലോ വടക്കിലോ തള്ളാതെ തെക്കുനിന്ന് വടക്കോട്ട് കയറും വിധം നിർമ്മിക്കണം. വീടിന്റെയും വസ്‌തുവിന്റെയും വടക്കുപടിഞ്ഞാറ് വളച്ചുപണിയാനോ വടക്ക് കോണായി വളരാനോ തള്ളി നിൽക്കാനോ ഇടയാക്കരുത്.
(വടക്കു പടിഞ്ഞാറിന്റെ ബാക്കി അടുത്ത ആഴ്ച)
പുതിയ വീടിന് കല്ലിടേണ്ടതും കട്ടിളവയ്‌ക്കേണ്ടതും ആരാണ്, പൂജ വേണ്ടതുണ്ടോ?
ശ്രീധന്യ വഴയില, അനന്തനാരായണൻ കോഴിക്കോട്
പുതിയ വീടിന് കല്ലിടുന്നതും കട്ടിള വയ്‌ക്കുന്നതും വീടിന്റെ തുടക്കമാണ്. അത് വിശ്വാസം കൂടി കലർന്നതാണ്. എങ്കിലും ഒരു കർമ്മം ചെയ്യുമ്പോഴത്തെ മാനസികാവസ്ഥയ്‌ക്ക് വലിയ പ്രാമുഖ്യമുണ്ട്. അതിനാൽ വീടിന് നിറഞ്ഞ മനസോടെ ആദ്യകല്ലിടേണ്ടത് വീട്ടുടമ തന്നെയാണ്. കുടുബാംഗങ്ങൾ ചേർന്നും ചെയ്യാം. കട്ടിളവയ്‌ക്കുമ്പോഴും കുടുംബാംഗങ്ങൾ ചേർന്ന് ചെയ്യണം. ആചാര്യന്മാരുടെയോ വാസ്‌തു വിദഗ്ധരുടേയോ സാന്നിദ്ധ്യം വേണമെന്നു മാത്രം. പൂജ നിർബന്ധമില്ല. പൂജ ചെയ്യുന്നത് കൊണ്ട് കുഴപ്പവുമില്ല.