ldf-udf

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിന്റെ ഭാഗമായതോടു കൂടി എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മാറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ ആര് സ്ഥാനാർത്ഥികളാവും എന്ന ചർച്ച ഇപ്പോഴേ പാർട്ടികളും പ്രവർത്തകരും ആരംഭിച്ചു കഴിഞ്ഞു. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി എന്നീ നിയോജക മണ്ഡലങ്ങളിലാണ് പോരാട്ടം കനക്കുക.

മണ്ഡലങ്ങൾ നോട്ടമിട്ട് കോൺഗ്രസും ജോസഫും

ജോസ് കെ. മാണി യു.ഡി.എഫ് വിട്ടതോടെ ഒഴിവ് വരുന്ന സീറ്റുകളിൽ ഒരുപോലെ നോട്ടമിട്ട് കോൺഗ്രസും ജോസഫ് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ ആഗ്രഹം മുൻകൂട്ടി കണ്ടാണ് സീറ്റുകൾക്കായി ജോസഫ് അവകാശവാദം ഉന്നയിച്ച് ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞത്.

പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമം. പാലാ മണ്ഡലത്തിൽ മാണി സി. കാപ്പൻ വരാൻ തയ്യാറായാൽ അദ്ദേഹത്തെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന ആലോചന കോൺഗ്രസിൽ സജീവമായുണ്ട്. അല്ലെങ്കിൽ കോൺഗ്രസ് തന്നെ പാലായിൽ മത്സരിക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ, ടോമി കല്ലാനി എന്നിവരുടെ പേരുകളാണ് കോൺഗ്രസിന്റെ അനൗദ്യോഗിക ചർച്ചകളിൽ സജീവമായുളള പേരുകൾ.

ഏറ്റുമാനൂർ സീറ്റിനു വേണ്ടി നിരവധി കോൺഗ്രസ് നേതാക്കളാണ് ശ്രമിക്കുന്നത്. മുൻ മന്ത്രി കെ.സി. ജോസഫ്, ലതികാ സുഭാഷ്, ടോമി കല്ലാനി, ജി. ഗോപകുമാർ, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ് എന്നിവരുടെ പേരുകളാണ് നിലവിൽ പ്രധാനമായും ഉയർന്നു കേൾക്കുന്നത്. ജോസഫ് വിഭാഗത്തിന് തന്നെ സീറ്റ് നൽകിയാൽ പ്രിൻസ് ലൂക്കോസിന്റെ പേരിനാണ് മുൻഗണന.

കാഞ്ഞിരപ്പളളിയിൽ ഡി.സി.സി അദ്ധ്യക്ഷൻ ജോഷി ഫിലിപ്പ്, ജോസഫ് വാഴക്കൻ, ടോമി കല്ലാനി എന്നിവരുടെ പേരുകൾ ചർച്ചകളിലുണ്ട്. കോൺഗ്രസിന് താത്പര്യമുളള മറ്റൊരു സീറ്റായ ചങ്ങനാശേരിയിൽ കെ.സി. ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. ജോസഫ് വിഭാഗമാണ് മത്സരിക്കുന്നതെങ്കിൽ സി.എഫ്. തോമസിന്റെ മകൾ സിനി തോമസ്, സി.എഫ്. തോമസിന്റെ സഹോദരനും നഗരസഭാ അദ്ധ്യക്ഷനുമായ സാജൻ ഫ്രാൻസിസ്, വി.ജെ. ലാലി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

കരുത്ത് കാട്ടാൻ ജോസ്

പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി എത്താനാണ് കൂടുതൽ സാദ്ധ്യത. പാലായിൽ ജോസ് കെ. മാണി ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായെത്തിയാൽ തോൽപ്പിക്കുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ മണ്ഡലം ഇപ്പോഴേ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. ജോസ് കെ. മാണി സ്ഥാനാർത്ഥിയായില്ലെങ്കിൽ ഇടുക്കിയിൽ നിന്ന് റോഷി അഗസ്റ്റിൻ പാലാക്ക് എത്തിയേക്കും. അതിനുളള സാദ്ധ്യത വിരളമാണ്.

പാലാക്കൊപ്പം തന്നെ തങ്ങൾക്ക് ശക്തിയുണ്ടെന്ന് ജോസ് കെ. മാണി വിഭാഗം വിശ്വസിക്കുന്ന മണ്ഡലമാണ് കടുത്തുരുത്തി. ഇവിടെയും ജോസ് കെ. മാണിയുടെ പേര് സ്ഥാനാർത്ഥി ചർച്ചകളിലുണ്ട്. മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, മുൻ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷൻ സഖറിയാസ് കുതിരവേലിൽ എന്നിവരുടെ പേരുകളും ജോസ് കെ. മാണി വിഭാഗത്തിന്റെ പരിഗണനയിലുണ്ട്.

എൽ.ഡി.എഫിൽ നിലവിൽ സി.പി.ഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ആർക്ക് ലഭിക്കും എന്നതിൽ നിലവിൽ തീരുമാനമായിട്ടില്ല. ജോസ് കെ. മാണി വിഭാഗത്തിന് തന്നെ ലഭിച്ചാൽ നിലവിലെ എം.എൽ.എ ഡോ. എൻ ജയരാജ് തന്നെ മത്സരിക്കും.

കഴിഞ്ഞ തവണ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ പൂഞ്ഞാറിൽ ഇക്കുറി എൽ.ഡി.എഫിന് വേണ്ടി പട നയിക്കുക ജോസ് വിഭാഗമായിരിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കളത്തുങ്കലിന്റെ പേരാണ് സ്ഥാനാർത്ഥി സാദ്ധ്യതകളിൽ മുമ്പിൽ.

ചങ്ങനാശേരിയിൽ വിജയിക്കുക എന്നത് ജോസ് വിഭാഗത്തിന്റെ അഭിമാന പ്രശ്‌നമാണ്. കെ.എം മാണിയുടെ വിശ്വസ്‌തനും മുതിർന്ന നേതാവും എം.എൽ.എയുമായിരുന്ന സി.എഫ്. തോമസ് ജോസഫ് പക്ഷത്തേക്ക് മാറിയത് വലിയ ക്ഷീണമാണ് സമ്മാനിച്ചത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ജോസ് വിഭാഗം ഇപ്പോഴേ സ്ഥാനാർത്ഥി ചർച്ച ആരംഭിച്ചു കഴിഞ്ഞു. ജോബ് മൈക്കിൾ, പ്രൊഫ. സാജോ സെബാസ്റ്റ്യൻ കണ്ടക്കുടി എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.

തൊടുപുഴയിൽ നിലവിൽ സി.പി.എം ആണ് മത്സരിക്കുന്നത്. ഈ സീറ്റ് വിട്ടുകൊടുക്കാൻ സാദ്ധ്യത കുറവാണ്. എന്നാൽ, പി.ജെ. ജോസഫിനെതിരെ ജോസ് വിഭാഗം തന്നെ മത്സരിക്കട്ടെ എന്ന് എൽ.ഡി.എഫ് തീരുമാനിച്ചാൽ കെ.ഐ ആന്റണിക്കാണ് സാദ്ധ്യത.