haris

കൊച്ചി: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ഹാരിസിന്റെ മരണത്തെ കുറിച്ച് വിദഗ്ദ്ധ സമിതി അന്വേഷിക്കണമെന്ന് കുടുംബം. ബന്ധുക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയേയും കണ്ട് പരാതി നൽകും.

ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കളമശേരി മെഡിക്കൽ കോളജിലെ നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ഹാരിസിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് ഓഫീസർ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചുവെന്ന ശബ്ദ സന്ദേശം അയച്ചത്. 'ജീവനക്കാരുടെ അശ്രദ്ധ മൂലം കൊവിഡ് രോഗികൾ മരിച്ചു. പുറംലോകം അറിയാത്തതു കൊണ്ടുമാത്രം ജീവനക്കാർ രക്ഷപ്പെട്ടു. ജൂലായ് 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണ്' എന്നായിരുന്നു സന്ദേശം.