
റേവ: കൊലക്കേസ് പ്രതിയെ ജയിലിനുള്ളിൽ പൊലീസുകാർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്ധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം. പ്രതിയായ ഇരുപതുകാരിയെ പത്തു ദിവസത്തോളമാണ് പൊലീസുകാർ പീഡനത്തിന് ഇരയാക്കിയത്.
അഞ്ചു പൊലീസുകാർ ലോക്കപ്പിലിട്ട് പീഡിപ്പിക്കുകയായിരുന്നെന്നാണ് ഇരുപതുകാരി പരാതി നൽകിയിരിക്കുന്നത്.സബ് ഡിവിഷണൽ ഓഫീസറും, കോൺസ്റ്റബിൾമാരും തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് യുവതിയുടെ പരാതി. പീഡനത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പൊലീസുകാർ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
അഡീഷണൽ ജില്ലാ ജഡ്ജിക്ക് മുമ്പാകെയാണ് യുവതി പരാതിപ്പെട്ടത്. ആരോപണവിധേയരായ പൊലീസുകാർക്ക് എതിരെ നടപടി എടുക്കണമെന്ന് കോടതി നിർദേശം നൽകി.മെയ് 21നാണ് ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെയും ആൺസുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.