
തിരുവനന്തപുരം: ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയിൽ ചികിത്സയിൽ തുടർന്നേക്കും. ഇന്നലെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശിവശങ്കർ നിലവിൽ വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ്. തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിലേക്ക് ചികിത്സ മാറ്റാനുള്ള സാദ്ധ്യതയും തേടുന്നുണ്ട്. 23 വരെ അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ അന്വേഷണ ഏജൻസികൾ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനുളള സാദ്ധ്യതയും കുറവാണ്.
ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാമെന്ന് ഞായറാഴ്ച തന്നെ അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടർ മെഡിക്കൽ ബോർഡിനെ അറിയിക്കുകയും ചെയ്തു. നട്ടെല്ലിന് വേദനയുണ്ടെന്നും ദീർഘകാലമായി ചികിത്സ നടത്തുന്നുണ്ടെന്നും ശിവശങ്കർ ഡോക്ടർമാരെ അറിയിച്ചിരുന്നു. എന്നാൽ, വിശ്രമിച്ചാൽ മതിയെന്നായിരുന്നു നിർദേശം. തുടർന്നാണ് ശിവശങ്കർ ആംബുലൻസിൽ ആയുർവേദ ആശുപത്രിയിലെത്തിയത്.
അതേസമയം ലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാരിനെതിരായ അന്വേഷണത്തിനുളള ഭാഗിക സ്റ്റേ നീക്കണമെന്ന സി.ബി.ഐയുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്റ്റേ നിലനിൽക്കുന്നതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ച് ആണ് വീഡിയോ കോൺഫറൻസിംഗ് വഴി കേസ് പരിഗണിക്കുക. ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ നേരത്തെ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു