
കോട്ടയം: ഈ നവരാത്രിക്കാലത്ത് ടെറൻസിന്റെ വീട്ടിലൊരുങ്ങുന്ന ബൊമ്മക്കൊലുവിൽ ഹൈന്ദവ ദേവീ ദേവൻമാർ മാത്രമല്ല, കന്യാമറിയവും ക്രിസ്തുവുമുണ്ട്. ! ക്രിസ്തുമത വിശ്വാസിയാണെങ്കിലും നവരാത്രിയുടെ ചടങ്ങുകൾ അണുവിട തെറ്റാതെ ആചരിക്കുന്നു, ടെറൻസ് ജോസ് സ്റ്റീഫൻ എന്ന ചെന്നൈ കലാക്ഷേത്രത്തിലെ ഈ അദ്ധ്യാപകൻ.
ഗുജറാത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ബാല്യം. നവരാത്രി ആഘോഷങ്ങൾ കണ്ടുവളരാൻ അതിടയാക്കി. പ്രതിമകളും മറ്റും ശേഖരിക്കുന്നത് അന്നേ ശീലമായി. എവിടെ നിന്നെങ്കിലും പൊട്ടിയ പ്രതിമകൾ കിട്ടിയാൽ അറ്റകുറ്റപണി നടത്തി ഭംഗിയാക്കി വീട്ടിൽ വയ്ക്കും.
പ്ലസ്ടുവിനു ശേഷം ചെന്നൈ കലാക്ഷേത്രയിൽ പഠനത്തിന് എത്തിയപ്പോഴും നവരാത്രി ആഘോഷം അടുത്തറിയാനായി.
എസ്.എച്ച് മൗണ്ട് മുല്ലശേരി വീട്ടിൽ പുതുതായി നിർമ്മിച്ച ഒരു മുറി മുഴുവനും ഈ പാവകൾക്കായി മാറ്റി വച്ചിരിക്കുകയാണ്. നവരാത്രിയുടെ ഒൻപത് ദിവസവും ദേവിയുടെ ഓരോ ഭാവങ്ങൾക്കുമുന്നിൽ വിളക്കു തെളിയിച്ച് ആരാധിക്കും. ഇക്കൂട്ടത്തിൽ തന്നെയാണ് യേശുവിനും കന്യാമറിയത്തിനും സ്ഥാനം.
എല്ലാ മതവും ദൈവത്തിലേയ്ക്ക്
എല്ലാ മതവും ദൈവങ്ങളും മനുഷ്യന്റെ നന്മയ്ക്കാണെന്ന് വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഭാരതീയ ദർശനങ്ങളുടെ ഭാഗമായുള്ള ബൊമ്മക്കൊലു ഒരുക്കുന്നത്.
ടെറൻസ് ജോസ്, എസ്.എച്ച് മൗണ്ട്