
മുംബയ്: കൊവിഡും ലോക്ക്ഡൗണും മൂലം റെക്കാഡ് തളർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തെ കൈപിടിച്ചുകയറ്റാനുളള നിർദ്ദേശങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനി. സാമ്പത്തിക രംഗത്തെ പുനർജീവിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആത്മനിർഭർ ഭാരത് പോലുളള പദ്ധതികളുമായി കേന്ദ്രസർക്കാർ സർക്കാർ കിണഞ്ഞ് ശ്രമിക്കുമ്പോഴാണ് പുതിയ നിർദ്ദേശങ്ങളുമായി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ രംഗത്തെത്തിയത്. കഴിഞ്ഞദിവസം നടന്ന ഒരു ഓൺലൈൻ പുസ്തപ്രകാശന ചടങ്ങിലാണ് അദ്ദേഹം നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.
ഇന്ത്യയെ പൂർണമായും ഡിജിറ്റൽ സമൂഹമാക്കി മാറ്റുക എന്നതാണ് ഒന്നാമത്തെ നിർദ്ദേശം. രാജ്യത്ത് നിലവിലുളള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം ഉയർത്തുക എന്നതാണ് രണ്ടാമത്തെ നിർദ്ദേശം, മൂന്നാമത്തെ നിർദ്ദേശം പെട്രോൾ, ഡീഡൽ പോലുളള ഇന്ധനങ്ങളെ കൂടുതൽ ആശ്രയിക്കുന്നത് പരമാവധികുറച്ച് ഊർജമേഖലയെ അടിമുടി മാറ്റണം എന്നതാണ്.
ഇന്ത്യയെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് കൈപിടിച്ച് ഉയർത്തുന്നതിന് ഉത്പാദന മേഖലയെ പുനർ നിർവചിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെങ്കിലും ഉത്പാദന മേഖലയിൽ പലകാര്യങ്ങളും പണ്ടുകാലത്തുളളതുപോലെ ഇപ്പോഴും തുടരുന്നു. അത്തരം കാര്യങ്ങൾ ഉപേക്ഷിച്ച് കാലത്തിനൊപ്പം മാറണം എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ അടിസ്ഥാനം എന്നുകരുതുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇതിനായി പ്രധാനമായും വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഈ മേഖലകളെ ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യയിലെ ഉത്പാദന രംഗം കൂടുതൽ മത്സരാധിഷ്ഠിതമാകുമെന്നാണ് മുകേഷിന്റെ അഭിപ്രായം. ഇതിനുളള ശ്രമങ്ങൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും അദ്ദേഹം സൂചന നൽകി.