adani-group-

തിരുവനന്തപുരം : കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനിഗ്രൂപ്പ് നേരിട്ട തടസം നീങ്ങിയിരിക്കുകയാണ്. കേന്ദ്രത്തിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് പങ്കെടുത്ത ലേലത്തിൽ രണ്ടാമതായിപ്പോയ ശേഷം, ലേലത്തിൽ വിജയിച്ച അദാനിക്കും കേന്ദ്രത്തിനുമെതിരെ സർക്കാർ കേസ് കൊടുത്തതിനാൽ 18 മാസമായി കരാറൊപ്പിടാനായിരുന്നില്ല. തലസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പേകേണ്ട വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടമായത്. സംസ്ഥാന സർക്കാർ നിരന്തരം വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിച്ചതിനെ ഇടങ്കോലിടുന്നെങ്കിലും, കൈമാറ്റം നയപരമായ തീരുമാനമാണെന്നും, ലേലനടപടികൾ സംസ്ഥാന സർക്കാർ അംഗീകരിച്ചതാണെന്നും കേന്ദ്രസർക്കാർ നിലപാടെടുത്തതോടെയാണ് കോടതിയിൽ സർക്കാരിന് പിടിവള്ളിയില്ലാതായത്.

സുപ്രീംകോടതി വരെ നിയമയുദ്ധം നീണ്ടെങ്കിലും സ്റ്റേയില്ലാത്തതിനാൽ അദാനിയുമായി കേന്ദ്രം പാട്ടക്കരാറൊപ്പിട്ടിരുന്നു. ഇതിനെതിരായ സർക്കാരിന്റെ ഹർജിയും പരാജയപ്പെടുകയായിരുന്നു.

എന്നാൽ അദാനിക്ക് വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിൽ നിയമ തടസമില്ലെങ്കിലും, പാട്ടക്കരാർ ഒപ്പിടുന്ന നടപടി പൂർത്തിയാക്കാനുള്ള സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് നൽകില്ലെന്നാണ് സർക്കാർ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുള്ളതാണ് കരാർ. ടെർമിനൽ വികസനത്തിനായി 18 ഏക്കർ ഏറ്റെടുക്കലും ഉപേക്ഷിച്ചേക്കും. എന്നാൽ ഇപ്പോൾ ലഭിച്ച ഉത്തരവിന്റെ ആനുകൂല്യത്തിൽ വിമാനത്താവള വികസനവുമായി മുന്നോട്ടു പോകുവാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. വിമാനത്താവള വികസനത്തിന് അദാനിയാണ് പണം മുടക്കേണ്ടത്. പ്രതിവർഷം 75കോടി പാട്ടത്തുക നൽകണം. സർവീസുകളും യാത്രക്കാരെയും കൂട്ടിവേണം ഇത് തിരിച്ചുപിടിക്കാൻ. വിദേശസ്വകാര്യ പങ്കാളിയുണ്ടായാൽ അടിസ്ഥാന സൗകര്യ വികസനവും ലോകോത്തര സൗകര്യങ്ങളുമുണ്ടായാൽ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളു.

തലസ്ഥാനം കപ്പൽ - വിമാന ഹബ്ബാകും

വിഴിഞ്ഞം തുറമുഖവും, തൊട്ടടുത്തായുള്ള വിമാനത്താവളവും ഒരു ബിസിനസ് ഗ്രൂപ്പിന് കീഴിൽ വരുന്നത് തലസ്ഥാനത്തിന്റെ വികസനത്തിന് വഴിയൊരുക്കും. വിഴിഞ്ഞം തുറമുഖവും വിമാനത്താവളവും ചേർന്നുള്ള ബിസിനസ് സംരംഭങ്ങളിലേക്ക് ഇത് വഴി തെളിക്കും. ടൂറിസം മേഖലയിലിലും ഇത് പുത്തനുണർവാകും. ചരക്കുനീക്കം സുഗമമാവുമെന്നും ഇതിലൂടെ വ്യവസായനഗരമായി തിരുവനന്തപുരം വളരുമെന്നും അദാനി പറയുന്നു. ക്രൂ എക്സ്‌ചേഞ്ചിനടക്കം വിഴിഞ്ഞം അന്താരാഷ്ട്ര ഭൂപടത്തിൽ ഇടം പിടിച്ചിരിക്കയാണ്.

വിമാനത്താവളത്തിലെ അടിസ്ഥാന വികസനത്തിനാണ് ഇപ്പോൾ അദാനി ഗ്രൂപ്പ് ശ്രദ്ധ ചെലുത്തുന്നത്. വിമാനത്താവളത്തിലെ ചെറിയ ഡ്യൂട്ടി ഫ്രീഷോപ്പ് ഏറ്റെടുത്ത് വലുതാക്കും. നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്രഅടി ഡ്യൂട്ടിഫ്രീഷോപ്പ് സിയാൽ നേരിട്ടു നടത്തുന്നുണ്ട്. പ്രതിവർഷം ലാഭം 250 കോടിയാണ്. കണ്ണൂർ വിമാനത്താവളത്തിലേതുപോലെ ആഭ്യന്തര ടെർമിനലിലും ബാർ തുടങ്ങാം. അന്താരാഷ്ട്ര ടെർമിനലിലെ ബാർ വിപുലീകരിക്കാം. കൂടുതൽ ഷോപ്പിംഗ്, സേവന കേന്ദ്രങ്ങൾ തുറന്നേക്കും.