
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാൽ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടറുടെ വെളിപ്പെടുത്തൽ. സത്യംപറഞ്ഞ നഴ്സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തത് നീതികേടാണെന്നും ഡോക്ടർ നജ്മ പറയുന്നു.
'രോഗിയുടെ മുഖത്ത് മാസ്‌ക് വെച്ചിരുന്നെങ്കിലും വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇക്കാര്യം പറഞ്ഞിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരോട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രശ്‌നമാക്കേണ്ട എന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടി. ചില നഴ്സിംഗ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നു'-ഡോക്ടർ പറഞ്ഞു.
ഫോർട്ടുകൊച്ചി തുരുത്തി സ്വദേശി ഹാരിസ് വെന്റിലേറ്ററിന്റെ ട്യൂബ് മൂക്കിൽ നിന്ന് മാറിക്കിടന്നതു മൂലം മരിച്ചെന്നാണ് നഴ്സിംഗ് ഓഫീസർ നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞത്.നഴ്സുമാരുടെ വീഴ്ചമൂലം മറ്റു ചിലരും മരിച്ചെങ്കിലും ഡോക്ടർമാർ റിപ്പോർട്ട് ചെയ്യാത്തതിനാൽ നടപടി ഒഴിവായെന്നും പറയുന്നുണ്ട്.കേന്ദ്ര സംഘത്തിന്റെ ആശുപത്രി സന്ദർശനം സംബന്ധിച്ച സൂപ്രണ്ടിന്റെ യോഗവിവരങ്ങൾ അറിയിച്ചായിരുന്നു ശബ്ദ സന്ദേശം.വെളിപ്പെടുത്തലിന് പിന്നാലെ നഴ്സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തിരുന്നു.