sarith-kadakampally

തിരുവനന്തപുരം: മന്ത്രിമാരായ കെ.ടി ജലീലും കടകംപള‌ളി സുരേന്ദ്രനും പലവട്ടം കോൺസുലേ‌റ്റിൽ വന്നിരുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴി പുറത്ത്. മകന്റെ യു.എ.ഇയിലെ ജോലിക്കാര്യം ശരിയാക്കാൻ കോൺസുലേ‌റ്റ് ജനറലിനെ കാണാനാണ് കടകംപള‌ളി സുരേന്ദ്രൻ വന്നിരുന്നത്.

സ്വപ്‌നയ്‌ക്ക് സ്‌പേസ്‌പാർക്കിൽ ജോലി ലഭിച്ചത് ശിവശങ്കറിന്റെ ശുപാർശയിലാണെന്നും കള‌ളക്കടത്തിനെ കുറിച്ച് കോൺസലിന് അറിവുണ്ടായിരുന്നില്ലെന്നുമുള‌ള നിർണായക മൊഴിയാണ് സരിത്ത് നൽകിയിരിക്കുന്നത്. പക്ഷെ കോൺസൽ ജനറലിന്റെ പേരിലും കള‌ളക്കടത്ത് കമ്മീഷൻ കൈപ്പ‌റ്റിയിട്ടുണ്ട്. അ‌റ്റാഷെയ്‌ക്ക് കള‌ളക്കടത്തിൽ 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത്ത് മൊഴി നൽകി.

കാന്തപുരം എ.പി അബൂബക്കർ മുസലിയാരും മകൻ അബ‌്ദുൾ ഹക്കീമും പലവട്ടം കോൺസുലേ‌റ്റ് സന്ദർശിച്ചു. സംഭാവനകൾ സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങാനുമാണ് ഇവർ വന്നതെന്നും സരിത്ത് നൽകിയ മൊഴിയിൽ പറയുന്നു.