
തിരുവനന്തപുരം : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നൂറിന്റെ നിറവിൽ നിൽക്കുമ്പോൾ, ജനനായകൻ വി.എസ്. അച്യുതാനന്ദന് ഇന്ന് 97 വയസ് പൂർത്തിയാകുന്നു. സാധാരണ വി എസിന്റെ പിറന്നാളിന് ആഘോഷങ്ങൾ ലളിതമാണെങ്കിലും ജന്മദിനാശംസ നേരാൻ വലിയൊരു നിരയാണ് എത്താറുള്ളത്. എന്നാൽ ഇക്കുറി കൊവിഡ് പശ്ചാത്തലത്തിൽ അതെല്ലാം ഒഴിവാക്കിയിരിക്കുകയാണ്. ഭാര്യ വസുമതിയും മക്കളും മരുമക്കളും ചെറുമക്കളും ആശംസകൾ നേരും. ഉച്ചയ്ക്ക് പായസമടങ്ങുന്ന സദ്യയുമാണ് ഒരുക്കുന്നത്.
ശാരീരിക അവശതകൾ നിമിത്തം പൊതുവേദികളിൽ നിന്ന് വി.എസ് വിട്ടുനിൽക്കുകയാണ്. നിലവിൽ ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷനാണ് അദ്ദേഹം. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഔദ്യോഗിക വസതിക്കു പുറത്തേക്കു ഇറങ്ങിയിട്ട് തന്നെ ഒരു വർഷമാകുന്നു. കഴിഞ്ഞ ഒക്ടോബറിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് വിഎസിനു പൂർണ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. തന്നെ കാണാനുള്ള ആഗ്രഹം പലകുറി പങ്കുവച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെത്തേടി വിഎസിന്റെ മകൻ വി.എ.അരുൺ കുമാറിന്റെ വാട്സാപ് വിഡിയോ കോൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കോളെടുത്തപ്പോൾ ഫോണിൽ ചെറു കുശലവുമായി വി എസ് പ്രത്യക്ഷപ്പെട്ടു.
വി.എസ് എന്ന സമരനായകനെ വാർത്തെടുത്തത് സമരങ്ങളുടെ തീച്ചൂളയിലെ അഗ്നിനാളങ്ങളായിരുന്നു. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണരീതി കൊണ്ടുവരാനുള്ള സി.പി.രാമസ്വാമി അയ്യരുടെ ശ്രമത്തെ അതിശക്തമായി എതിർത്ത വി.എസിനെ 1946 ഒക്ടോബർ 28 ന് പൊലീസ് അറസ്റ്റ് ചെയ്ത് പൂഞ്ഞാർ ലോക്കപ്പിലടച്ചു. കൊടിയ മർദ്ദനമായിരുന്നു. പാദത്തിൽ ബയണറ്റു കുത്തിയിറക്കി. അഞ്ചര വർഷം ജയിലിൽ. നാലര വർഷം ഒളിവ് ജീവിതം. വി.എസിനെ അത് കൂടുതൽ കരുത്തനാക്കുകയായിരുന്നു.1964ൽ സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന 32 പേർ രൂപം കൊടുത്ത സി.പി.എമ്മിന്റെ ജീവിച്ചിരിക്കുന്ന ഏക സഖാവ്. ജനങ്ങൾക്ക് ആവേശമാണ് വി.എസ് എന്നും.