meen

സിഡ്നി: പതിവായി മീൻപിടിക്കുന്ന തടാകത്തിൽ എത്തിയതാണ് ഓസ്ട്രേലിയക്കാരനായ ട്രെൻഡ് ഡീ. ബോട്ടിൽ നിന്ന് ചൂണ്ടയെറിഞ്ഞ് അല്പം കഴിഞ്ഞപ്പോൾത്തന്നെ എന്തോ കാര്യമായി കൊത്തി. അതിന്റെ സന്തോഷത്തിൽ അദ്ദേഹം ചൂണ്ട ആഞ്ഞുവലിച്ചു. പക്ഷേ, കണ്ട് കണ്ണ് തളളിപ്പോയി. കൊത്തിയത് ഒരു കിടിലൻ മുതല.മുതലയുടെ വായിൽ നിന്ന് ചൂണ്ട വലിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നതും ഒടുവിൽ സംഭവിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പരക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ 15 ലക്ഷംപേരാണ് വീഡിയോ കണ്ടത്. വീഡിയോയുടെ അവസാനത്തിലുളള വമ്പൻ ട്വിസ്റ്റാണ് വൈറലാവാൻ കാരണം.

മുതലയുടെ വായിൽ നിന്ന് ചൂണ്ട വലിച്ചെടുക്കാൻ ട്രെൻഡ് പലതവണ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. പക്ഷേ, വിജയിക്കുന്നില്ല. വെളളത്തിന് മുകളിലേക്ക് മുതല പലതവണ ഉയർന്നുപൊങ്ങി. പക്ഷേ, ചൂണ്ടയിൽ നിന്ന് പിടിവിട്ടില്ലെന്നുമാത്രം. മുതല ചൂണ്ടയും വലിച്ചുകൊണ്ടുപാേകുന്നതിനാൽ ബോട്ടും ലക്ഷ്യമില്ലാതെ പാഞ്ഞു. പക്ഷേ, ട്രെൻഡ് ഭയന്നില്ല. ഒടുവിലാണ് അത് സംഭവിച്ചത്. പിടിത്തം ഒന്ന് അയഞ്ഞപ്പോൾ ട്രെൻഡ് ചൂണ്ട വലിച്ച് പുറത്തേക്കെടുത്തു. ഒരുനിമിഷം അയാൾക്ക് വിശ്വസിക്കാനായില്ല. ചൂണ്ടയിൽ മുതല ഇല്ല. മാത്രമല്ല ചൂണ്ടയ്ക്ക് പറയത്തക്ക കേടുപാടുകളും ഉണ്ടായിട്ടില്ല. നല്ല സൂപ്പർ ചൂണ്ട എന്നാണ് വീഡിയോ കണ്ട ഭൂരിപക്ഷത്തിന്റെയും കമന്റ്.