kerala-kaumudi

തിരുവനന്തപുരം. മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ പ്രതിമ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ളക്സിൽ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലൻ അറിയിച്ചു. പ്രതിമാ നിർമ്മാണത്തിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും.

കേരളകൗമുദി എഡിറ്റോറിയൽ പേജിൽ 'കാലം' പംക്തിയിൽ ഇന്നലെ വന്ന ലേഖനം വായിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

റോഡ് വികസനം ചൂണ്ടിക്കാട്ടി കവടിയാറിൽ മൻമോഹൻ ബംഗ്ളാവിന് എതിർവശത്തെ സ്ഥലം അനുവദിക്കാൻ കഴിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാഡമി കോംപ്ളക്സ് നിലകൊള്ളുന്ന കഴക്കൂട്ടത്തെ കിൻഫ്രയിൽ സ്ഥാപിക്കാൻ ആലോചിച്ചിരുന്നു. അത് സത്യൻ സ്മാരകമായി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചിത്രാഞ്ജലി പരിഗണിക്കുന്നത്.75 കോടി രൂപ ചെലവിൽ ചിത്രാഞ്ജലി നവീകരിക്കുമെന്നും മന്ത്രി പറ‌ഞ്ഞു.

ഫയൽ പരിശോധിക്കും:

മന്ത്രി ജി.സുധാകരൻ

കവടിയാറിലെ സ്ഥലം അനുവദിക്കാൻ തടസം ഉണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ചീഫ് എൻജിനിയറാകും റിപ്പോർട്ട് നൽകിയത്. റോഡ് വികസനം കണക്കിലെടുത്താവാം അങ്ങനെ ചെയ്തത്. സത്യസ്ഥിതി പരിശോധിക്കാൻ ഫയൽ വിളിച്ചുവരുത്തും.

നഗരത്തിൽ വേണമെന്ന്

കുടുംബം

പ്രതിമ തലസ്ഥാന നഗരത്തിൽ തന്നെ സ്ഥാപിക്കണമെന്ന് ജെ.സി.ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ ആവശ്യപ്പെട്ടു. ചിത്രാഞ്ജലിയിലാകുമ്പോൾ പൊതുജനങ്ങൾക്കു കാണാൻ കഴിയില്ല. നഗരത്തിൽ സ്ഥാപിക്കാതിരിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി സുധാകരന് കത്തയച്ചതിന് പുറമേ, മുഖ്യമന്ത്രിക്കും നൽകുമെന്ന് ഹാരിസ് ഡാനിയേൽ കേരളകൗമുദിയോട് പറഞ്ഞു.

വീഴ്ചയില്ലെന്ന് കമൽ

പ്രതിമ സ്ഥാപിക്കാൻ നേരത്തേ മുതൽ ചലച്ചിത്ര അക്കാഡമി മുൻകൈയെടുക്കുന്നുണ്ടെന്ന് ചെയർമാൻ കമൽ പറഞ്ഞു. ഫിലിം ഫെസ്റ്റിവൽ കോംപ്ളക്സിൽ സ്ഥാപിക്കണമെന്നാണ് സർക്കാരിനോട് അഭ്യർത്ഥിച്ചത്. പക്ഷേ ഫെസ്റ്റിവൽ കോംപ്ളക്സിനുള്ള സ്ഥലം തീരുമാനിച്ചിട്ടില്ല. പ്രതിമ നഗരത്തിൽ സ്ഥാപിക്കണമെന്നാണ് സിനിമാ പ്രവർത്തകൻ എന്ന നിലയിൽ വ്യക്തിപരമായ അഭിപ്രായമെന്നും കമൽ പറഞ്ഞു.