dr-jacob

ചെന്നൈ: ഓണക്കാലത്ത് നൽകിയ ഇളവുകൾ കേരളത്തിൽ കൊവിഡ് രോഗം വർ‌ദ്ധിക്കാൻ കാരണമായി എന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്റെ പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്ന വാദവുമായി ഐ.സി.എം.ആർ വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ടി.ജേക്കബ് ജോൺ. ഓണത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായിട്ടില്ല. തികച്ചും സ്വാഭാവികമായ വർദ്ധന മാത്രമാണിത്. സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്നവർക്കനുസരിച്ച് മാത്രമേ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുള‌ളു എന്ന് ജേക്കബ് ജോൺ അഭിപ്രായപ്പെടുന്നു.

രാജ്യത്ത് ഏ‌റ്റവും മികച്ച രീതിയിൽ കൊവിഡ് നിയന്ത്രിച്ച സംസ്ഥാനം കേരളമാണെന്നും ഇവിടെ മരണനിരക്ക് ഒരിക്കലും 0.6% അധികം കടന്നിട്ടില്ലെന്നും ഡോക്‌ടർ ചൂണ്ടിക്കാട്ടി. രാജ്യത്തിലെ ഏ‌റ്റവും കുറഞ്ഞ മരണനിരക്കും കേരളത്തിലാണ്. കൊവിഡ് രോഗത്തിലേക്ക് രാഷ്‌ട്രീയം കൊണ്ടുവരരുതെന്നും ഡോക്‌ടർ ജേക്കബ് ജോൺ പറയുന്നു.

ഇന്ത്യയിൽ കൊവിഡ് രോഗം ഉച്ചസ്ഥായിയിലെത്തിയത് സെപ്‌തംബർ രണ്ടാമത്തെ ആഴ്‌ചയിലാണ് എന്നാൽ കേരളത്തിൽ അത് ഒക്ടോബർ മൂന്നാം ആഴ്‌ചയിൽ മാത്രമാണ്. കേരളത്തിലെ ആരോഗ്യരംഗത്തെ മികച്ച പ്രതിരോധം കൊണ്ട് മാത്രമാണ് ഇത്രനാൾ രോഗത്തെ പിടിച്ചുനിർത്താനായത്.

നിലവിൽ കേരളം പിന്തുടരുന്ന ചികിത്സാ രീതി തന്നെയാണ് നല്ലത്. രോഗം വന്ന എല്ലാവരെയും ചികിത്സിക്കേണ്ട ആവശ്യമില്ല. രക്തത്തിൽ ഓക്‌സിജൻ അളവ് 95 ശതമാനത്തിൽ താഴെയായാൽ മാത്രം ചികിത്സ നൽകിയാൽ മതിയെന്നും വാക്‌സിൻ വരും വരെ സോഷ്യൽ വാക്‌സിനായ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ ഇടക്കിടെ സോപ്പുപയോഗിച്ച് വൃത്തിയാക്കുക എന്നീ കാര്യങ്ങൾ ഒരു അലംഭാവവും കൂടാതെ ചെയ്യണം. പ്രായമായവർ നിർബന്ധമായും വീട്ടിൽ ഇരിക്കണം എന്നും ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയുമുള‌ള സാമൂഹിക സമ്പർക്കം പാലിക്കണമെന്നും ഡോ.ജേക്കബ് ജോൺ അഭിപ്രായപ്പെടുന്നു.