lakshmi-pramod

കൊച്ചി : പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. വരന്റെ ബന്ധുകൂടിയായ നടി വിവാഹത്തിൽ നിന്നും പിന്മാറാൻ യുവതിയെ പ്രേരിപ്പിച്ചു എന്ന് ആരോപണമുണ്ടായിരുന്നു. കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം ഏറെ ചർച്ചയായതോടെ സർക്കാർ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. നടിക്കും, ഭർത്താവ് അസറുദ്ദീൻ, ഇയാളുടെ സഹോദരനും മുഖ്യ പ്രതിയുമായ ഹാരിസ്,​ ഇവരുടെ മാതാപിതാക്കൾ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികൾക്ക് കൊല്ലം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മുൻകൂർ ജാമ്യം റദ്ദായതോടെ റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണത്തിന് നടി ഉൾപ്പടെയുള്ള പ്രതികൾക്ക് ഏത് സമയത്തും ചോദ്യം ചെയ്യൽ നടപടിക്ക് ഹാജരാകേണ്ടിവരും. വേണ്ടിവന്നാൽ ഇവരെ അറസ്റ്റ് ചെയ്യാനും ഉദ്യോഗസ്ഥർക്കാവും. ജാമ്യം സ്റ്റേ ചെയ്തത് സംബന്ധിച്ച് പ്രതികൾക്ക് കോടതി നോട്ടീസ് അയക്കും.


പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്ത് സെപ്തംബർ മൂന്നിനാണ് റംസി ആത്മഹത്യ ചെയ്തത്. മൃതദേഹം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിശ്രുത വരൻ ഹാരിസ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ലക്ഷ്മിയ്ക്കും ഭർത്താവിനും ഹാരിഷിന്റെ മാതാപിതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് മരിച്ച യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം യുവതിയുടെ പക്കൽ നിന്നും ഹാരിഷ് സ്വർണവും പണവും കൈക്കലാക്കിയിരുന്നു.