eee

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ എഴുപുന്നയിലെ ഗ്രാമീണ സുന്ദരമായ പ്രദേശത്തെ അറിയപ്പെടുന്ന ആ വീട്ടിൽ നിന്നും എന്തോ ഒരുപാട്ടും ബഹളവും കേട്ടാണ് ഒന്ന് എത്തി നോക്കിയത്. ചെറിയ ബഹളമൊന്നുമല്ല. അമ്മായിയമ്മ - മരുമകൾ പോരാണോ എന്ന് തെല്ല് സംശയം ഇല്ലാതെയില്ല. അകത്തേക്കു കയറി നോക്കിയപ്പോഴല്ലേ കാര്യം പിടികിട്ടിയത്. 'തട്ടീം മുട്ടീം" എന്ന ഹിറ്റ് ടെലിവിഷൻ പരമ്പരയുടെ ലൊക്കേഷനാണ് വീട്. ആർട്ടിസ്റ്റുകളെല്ലാം ഏറെ തിരക്കിലാണ്. തിരക്കിനിടയിൽ അല്‌പനേരത്തേക്ക് ഇടവേളയെടുത്ത് കാണാനെത്തിയ മഞ്ജു ചേച്ചി ചോദിച്ചത് ഇതാണ്.

''കുടിക്കാൻ ചായയോ കോഫിയോ എന്താ പറയേണ്ടത്?'"

ഷൂട്ടിംഗ് സെറ്റുകളിൽ ചെന്നാൽ അണിയറ പ്രവർത്തകർ പോലും തിരക്കോടു തിരക്കായിരിക്കും. ഇവിടെ മഞ്ജുചേച്ചിയും അടുത്ത സീൻ ഷൂട്ട് ചെയ്യാനുള്ള തിരക്കിലാണ്. എന്നിട്ടും മറ്റുള്ളവരോട് പെരുമാറുന്നതിലും സംസാരിക്കുന്നതിലും ആ കലാകാരി എടുക്കുന്ന സമയവും സമീപനവും ഏറെ മാതൃകാപരമാണ്. അന്നും ഇന്നും മലയാള സിനിമയിലും ടെലിവിഷനിലും മാറ്റിനിറുത്താതെ പ്രേക്ഷകർ ചേർത്തുപിടിക്കുന്ന ഒരു പേരാണ് മഞ്ജുപിള്ള എന്നത്. സ്വാഭാവികമായ അഭിനയശൈലികൊണ്ട് കുടുംബസദസുകളുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് അധിക കാലം വേണ്ടിവന്നില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം.

eee

ഇടവേളകൾ മനപ്പൂർവമായിരുന്നു

സിനിമയിൽ ഇടവേളകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതെല്ലാം ഞാൻ തന്നെ സ്വയം സ്വീകരിച്ച ഇടവേളകളായിരുന്നു. ആ സമയത്തൊക്കെ കുടുംബത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഒരു സന്ദർഭമാണെന്ന നിലപാടായിരുന്നു എന്റേത്. എന്നുകരുതി ഒരിക്കലും ഇതൊന്നും വേണ്ടെന്ന് വച്ച് പോയിട്ടില്ല. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. പിന്നെ സിനിമ അല്ലെങ്കിൽ ടെലിവിഷൻ എന്ന രീതിയിൽ കംഫട്ടബിൾ ആയ ഒരു സോണിൽ എപ്പോഴും ഉണ്ടായിരുന്നു. ചില റിയാലിറ്റി ഷോകളിലൊക്കെ ജഡ്‌ജ് ആയി പോയിട്ടുണ്ട്. ഞാനൊക്കെ സിനിമയിൽ വരുന്ന സമയത്ത് ഇത്തരം റിയാലിറ്റിഷോകൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഷോകളിൽ ജഡ്‌ജ് ആയി പോകുമ്പോൾ കുട്ടികളെയൊക്കെ അവരുടെ ചെറിയ തെറ്റുകളൊക്കെ തിരുത്തികൊടുക്കാൻ ഏറെ അഭിമാനവും സന്തോഷവും തോന്നിയിരുന്നു. തെറ്റുകണ്ടാൽ തെറ്റെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തിക്കൊടുക്കണമെന്നാണ് എന്റെ നിലപാട്. അല്ലാതെ ഷോയിൽ അവർ എന്തുചെയ്താലും അത് കണ്ടിട്ട് സൂപ്പർ എന്നു പറയാൻ എനിക്ക് പറ്റില്ല. അങ്ങനെ അവർ തെറ്റുവരുത്തിയിട്ടും ഞാൻ അതിന് ഓകെ എന്നു പറഞ്ഞാൽ അവ വിചാരിക്കുക കുഴപ്പമൊന്നുമുണ്ടായില്ല എന്നല്ലേ, ആ മത്സരാത്ഥിക്ക് തിരുത്താനുള്ള അവസരമല്ലേ അവിടെ നഷ്‌ടപ്പെടുന്നത്. എന്റെ നിലപാട് ഇങ്ങനെയാണ്. തെറ്റു കണ്ടാൽ ഞാൻ തുറന്നുപറയും. അത് ജീവിതത്തിലെ എന്ത് കാര്യത്തിലും അങ്ങനെ തന്നെയാണ്.

ആത്മവിശ്വാസത്തിന്റെ കരുത്ത്

പൊതുവേ ഞാൻ കുറച്ച് കോൺഫിഡന്റ് ആണ്. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാൽ ചിലപ്പോൾ എന്റെ കുട്ടിക്കാലത്തേക്ക് പോകേണ്ടിവരും. പഠിക്കുന്ന സമയത്ത് എന്റെ പതിനെട്ടാം വയസുമുതൽ ഫീസെല്ലാം ഞാൻ സ്വയം അടച്ചായിരുന്നു ശീലം. പിന്നീടങ്ങോട്ട് ജീവിതത്തിൽ കഷ്‌ടപ്പെടണമെന്നും എന്തെങ്കിലുമൊക്കെ നേടണമെന്നുമുള്ള വാശിയുമുണ്ടായി. അവിടെ നിന്നാണ് ആത്മവിശ്വാസം ഉടലെടുക്കുന്നത്. ഇപ്പോഴും ഞാൻ എന്തെങ്കിലും തീരുമാനം എടുത്താൽ വീട്ടിൽ എല്ലാവർക്കും അതിൽ വിശ്വാസം ആണ്. ഇതുവരെയും എടുത്ത തീരുമാനം തെറ്റാണല്ലോ എന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല. ഇന്ന് സിനിമയിൽ വരുന്ന യുവാക്കളിൽ ഇത്തരത്തിൽ ആത്മവിശ്വാസവും അർപ്പണബോധവുമുണ്ട്. പുതിയ ആർട്ടിസ്റ്റുകളുടെ ഡെഡിക്കേഷൻ എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. ഫഹദിന്റെ ആത്മവിശ്വാസവും അർപ്പണബോധവും എന്നെ ഏറെ ആകഷിച്ചിട്ടുണ്ട്. ഫഹദിന്റെ രണ്ടാംവരവ് അത്രയം സ്ട്രോംഗ് ആകാൻ കാരണവും അത് തന്നെയായിരുന്നു. ജയസൂര്യയുടെ ഡെഡിക്കേഷനും ഹാഡ്‌വർക്കും അതുപോലെതന്നെ എടുത്തു പറയേണ്ടതാണ്. പുതുതായി വരുന്ന സംവിധായകർ ആണെങ്കിലും പെർഫെകഷ്‌നുവേണ്ടി ഇന്നോവേറ്റീവ് ആയി എല്ലാ തലങ്ങളിൽ നിന്നും വർക്ക് ചെയ്യുന്നവരാണ്. അത്തരത്തിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് മാത്രമേ ഇനിയുള്ള കാലത്ത് പിടിച്ചുനിക്കാൻ സാധിക്കൂ.

ee

കോമഡിയുടെ രസതന്ത്രം

കോമഡി റോളുകൾ ചെയ്യുന്നതിൽ തുടക്കം മുതലേ എനിക്ക് എന്നും സന്തോഷം തോന്നാറുണ്ടായിരുന്നു. കാരണം മറ്റുള്ളവരെ ചിരിപ്പിക്കാൻ ശ്രമിപ്പിക്കുന്ന കല എന്ന രീതിയിൽ കോമഡി കുറച്ച് വേറിട്ടു നിൽക്കുന്നു. മലയാളസിനിമയിൽ ഇപ്പോ ട്രെൻഡ് മാറിത്തുടങ്ങിയിട്ടുണ്ട്. കോമഡി ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങൾ സിനിമകളിൽ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. പുതിയ നായികമാർക്ക് കോമഡി വഴങ്ങാത്തതുകൊണ്ടാണ് എന്ന ആരോപണത്തോട് ഞാൻ യോജിക്കുന്നില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടിയാലല്ലേ അവർക്കും ചെയ്‌തുനോക്കാൻ പറ്റുള്ളൂ.

തിരക്കഥകളിൽ ഹാസ്യകഥാപാത്രങ്ങളായി സ്ത്രീകൾ സൃഷ്‌ടിക്കപ്പെട്ടാൽ ഉറപ്പായും അത് ചെയ്യാനുള്ളവർ ഇവിടെ ഉണ്ട് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. നിലവിൽ ടെലിവിഷൻ ഒരുപാട് ഫീമെയിൽ ആർട്ടിസ്റ്റുകൾ കോമഡി റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട്. മഞ്ജു പത്രോസ്, സ്നേഹ, വീണ തുടങ്ങിയവരുടെയൊക്കെ അഭിനയം വളരെ മികവുറ്റതാണ്. ടെലിവിഷനിലാണ് സ്ത്രീകഥാപാത്രങ്ങൾ കൂടുതൽ ഉണ്ടാവുന്നത് എന്നതുകൊണ്ടാണ് ഇവരെല്ലാം സിനിമയിൽ അധികം സജീവമാകാതെ പോകുന്നത്. പക്ഷേ മഞ്ജുവും സ്നേഹയും വീണയുമെല്ലാം സിനിമകളും ചെയ്യാറുണ്ട്.

കലാകാരനും സമൂഹവും

സാമൂഹികപ്രതിബദ്ധത കലാകാരന്റെ ജോലിയുടെ ഭാഗം കൂടിയാണെന്ന് ഞാൻ കരുതുന്നുണ്ട്. അതിന്റെ കാരണമെന്താണെന്നുവച്ചാൽ സമൂഹമറിയേണ്ട പൊതുവായ ചില കാര്യങ്ങൾ കലാകാരന്മാരിലൂടെ അറിയിക്കാൻ ശ്രമിച്ചാൽ അത് പെട്ടെന്ന് അംഗീകരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. കലാകാരന്മാർ പലപ്പോഴും വീടുകളിലെ നിത്യസന്ദർശകരാണ്. അപ്പോൾ പലപ്പോഴും അവർ പറയുന്ന കാര്യങ്ങളിലെ ശരിയെക്കുറിച്ച് ചിന്തിക്കാൻ എങ്കിലും എല്ലാവരും ശ്രമിക്കും. കാൻസർ ബോധവത്ക്കരണം, പുകയിലയ്ക്കെതിരെയുള്ള ബോധവത്കരണം തുടങ്ങിയ വിഷങ്ങളിലെല്ലാം കലാകാരന്മാൻ നേരിട്ടിറങ്ങണമെന്നതിലെ സദുദ്ദേശം ഇതുതന്നെയാണ്. രണ്ടോ മൂന്നോ നാലോ പേർ ചേർന്ന് ഒരു നല്ല കാര്യം ചെയ്യുന്നുവെന്ന് വയ്‌ക്കുക, അവർ ഒരു നല്ല കാര്യമാണ് ചെയ്യുന്നതെങ്കിൽ എന്താണ് പ്രശ്‌നം, അത് പ്രശ്‌നമാകുന്നത് എപ്പോഴാണെന്നോ അത് ഒരു സംഘടനയാകുമ്പോഴും ആ സംഘടനയ്‌ക്ക് ഏതെങ്കിലും ആശയങ്ങളോട് പ്രത്യേക യോജിപ്പുകളും ഉണ്ടെങ്കിൽ ചെയ്യുന്നത് നല്ല കാര്യമാണെന്ന് ചിലർ ആക്കാ മറക്കും. അതാണ് ഇന്നത്തെ കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ ആക്ടീവ് അല്ല ഞാൻ. ഒരു ഫേസ് ബുക്ക് പേജ് മാത്രമേ എനിക്കുള്ളൂ. അതിലും അത്ര ആക്‌ടീവ് അല്ല. പക്ഷേ എന്റെ പേരിൽ ഒന്നുരണ്ടു പ്രൊഫൈലുകൾ ആരൊക്കെയോ ക്രിയേറ്റ് ചെയ്‌തുവച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് എന്തൊക്കെയാണ് പ്രശ്‌നങ്ങൾ.. സോഷ്യൽമീഡിയയിലൂടെ ആക്രമണം, ചീത്തവിളി, പറഞ്ഞത് വളച്ചൊടിക്കൽ, ട്രോളുകൾ എന്താ ഇതിന്റെയൊക്കെ ആവശ്യം. സമാധാന പൂർണമായ ജീവിതമല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്. അതിനിടയിൽ ആവശ്യമില്ലാതെ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്തിനാണ്.

സാഹൃദത്തിന്റെ കെട്ടുറപ്പ്

മലയാളത്തിലെ പ്രശസ്‌തനായ ഒരു സംവിധായകൻ പണ്ട് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ' നീ നായിക ആകരുത്, നീ കെ.പി.എ.സി ലളിത ആയാ മതി." അഭിനയത്തിലായാലും ജീവിതത്തിലായാലും അമ്മയോടൊപ്പം തന്നെയാണ് എന്റെ യാത്ര. ഞങ്ങളൊരുമിച്ചാണ് എപ്പോഴും യാത്ര. സീരിയൽ അഞ്ചു ദിവസമാക്കിയതോടെ ലൊക്കേഷനിൽ ചെലവഴിക്കുന്ന സമയവും കൂടി. ശരിക്കും പറഞ്ഞാൽ എനിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. അമ്മയ്‌ക്ക് എന്നെയും. സീരിയൽ ഷൂട്ടിംഗ് സമയത്ത് ഭയങ്കര കോമഡിയായിരിക്കും ചിലപ്പോഴൊക്കെ. ലൊക്കേഷനിൽ എല്ലാവരുമായും നല്ല ബോണ്ടിംഗ് ആയിക്കഴിഞ്ഞു. ചില ജോഡികൾ പലപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും. അങ്ങനെ പല ജോഡികളുടെയും ഒരു കണ്ണിയാകാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ ചെയ്യുന്ന സമയത്ത് ജഗദീഷേട്ടന്റെയും എന്റെയും പെയർ എല്ലാവർക്കും ഇഷ്‌ട‌മായിരുന്നു. മല്ലികാസുകുമാരൻ, കല്‌പന തുടങ്ങിയവരോടൊപ്പമെല്ലാം അത്തരത്തിൽ പെയറിംഗ് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പുറത്തേക്കിറങ്ങിയാൽ എല്ലാവർക്കും അറിയേണ്ടത് തട്ടീം മുട്ടീം ഫാമിലിയിലെ വിശേഷങ്ങളാണ്. എന്നോട് എല്ലാവരും ചോദിക്കുന്നത് ലളിതാമ്മയെ കുറിച്ചാണ്.

മുറുകെപ്പിടിക്കേണ്ടത് സത്യം

ഏതു മേഖലയിലാണെങ്കിലും വിജയിക്കാൻ അത്യാവശ്യം വേണ്ടത് സത്യസന്ധതയാണ്. ചെയ്യുന്ന കാര്യത്തിൽ ഒരു കലർപ്പുമില്ലാതെ പൂർണമായും സത്യസന്ധതയോടെ ചെയ്‌തുതീർക്കുക, ഉറപ്പായും നല്ല ഫലം തന്നെ കിട്ടും. ജീവിതത്തിൽ വിജയിച്ചവരാരും കുറുക്കുവഴികളിലൂടെ അല്ലെങ്കിൽ ശരിയല്ലാത്ത വഴികളിലൂടെ ജീവിതം വെട്ടിപ്പിടിച്ചവരല്ല. വിജയിച്ചവരുടെ പിന്നോട്ടുള്ളവരുടെ വഴിയിൽ കാണാൻ സാധിക്കുന്നത് പലപ്പോഴും കല്ലും മുള്ളും തന്നെയായിരിക്കും, അത്തരക്കാരുടെ മുന്നോട്ടുള്ള വഴിയായിരിക്കും ഏറെ സുന്ദരം. അതുകൊണ്ട് യുവാക്കളോട് പറയാനുള്ളത്. 'ബി ജെനുവിൻ" എന്ന ഒറ്റക്കാര്യമാണ്. നിങ്ങൾ നിങ്ങളായി തന്നെ ഇരിക്കുക. ജീവിതത്തിൽ അഭിനയിക്കേണ്ട യാതൊരു കാര്യവുമില്ല. സംസാരമദ്ധ്യേ ഡയറക്‌ടറുടെ ആക്ഷൻ പറയാനുള്ള സമയമായെന്നറിഞ്ഞ് മഞ്ജുചേച്ചി സംസാരം പതിയെ അവസാനിപ്പിച്ചു. വീണ്ടും കാമറയ്‌ക്ക് മുന്നിലേക്ക്. ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കലാകാരുടെ കൂട്ടത്തിലാണ് മഞ്ജുപിള്ള.

നല്ല കോമഡികൾ കൈകാര്യം ചെയ്യുന്ന നല്ല കലാകാരി അങ്ങനെയാണ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മഞ്ജുപിള്ളയുടെ മുഖം ഇനിയും മിന്നിത്തിളങ്ങുക തന്നെ ചെയ്യും.