
ന്യൂഡൽഹി: തന്ത്രപ്രധാന സൈനിക കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ഇന്ത്യയും അമേരിക്കയും. ചൈന ഉയർത്തുന്ന പ്രകോപനങ്ങൾക്കിടെ അമേരിക്കയുമായി പ്രതിരോധ രംഗത്തെ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. അമേരിക്കൻ ഉപഗ്രഹനിരീക്ഷണ സംവിധാനം അടക്കം പ്രയോജനപ്പെടുത്താനുളള ബെക്ക അഥവ അടിസ്ഥാന വിനിമയ സഹകരാറാണ് ഇരു രാജ്യങ്ങളും ഒപ്പിടുന്നത്.
യു.എസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കാൻ തീരുമാനിച്ചിരിക്കുന്നത്. കരാർ യാഥാർത്ഥ്യമായാൽ അമേരിക്കൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മിസൈലുകളുടെയും ഡ്രോണുകളുടെയും കൃത്യത ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഈ മാസം 26, 27 തിയതികളിൽ ഇന്ത്യ-അമേരിക്ക വിദേശ-പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ കരാറിന് അന്തിമ രൂപമാകുമെന്നാണ് പ്രതീക്ഷ. കരാർ വേഗത്തിലാക്കാൻ ഫെബ്രുവരിയിൽ നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയിലും തീരുമാനമെടുത്തിരുന്നു.
അതേസമയം ബെക്ക കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. കരാർ ഇന്ത്യക്ക് തന്ത്രപരമായി അപകടം ചെയ്യുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം. ഭൗമ-വ്യോമ മേഖലകളിൽ അടിസ്ഥാന വിവരങ്ങളുടെ കൈമാറ്റവും സഹകരണവും ഉറപ്പുവരുത്തുന്നതാണ് ബെക്ക കരാർ. പ്രതിരോധ ആവശ്യങ്ങൾക്ക് ഭൂപടങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങളുടെയുമൊക്കെ വിവരങ്ങൾ കൈമാറേണ്ടി വരും. പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ത്യൻ ഉപഗ്രഹങ്ങളിൽ അമേരിക്കയ്ക്ക് കൂടി ലഭ്യത കൈവരും. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ ബാധിച്ചേക്കുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആശങ്ക. എന്നാൽ കരാറുമായി മുന്നോട്ടുപോകാൻ തന്നെയാണ് കേന്ദ്രസർക്കാർ തീരുമാനം.