
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റ് വേണ്ട എന്ന സർക്കാർ തീരുമാനത്തിന് പിന്നിൽ വൻ അഴിമതിയെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഓഡിറ്റ് നിർത്തി വയ്‌ക്കാൻ ഉത്തരവിട്ട ഓഡിറ്റ് ഡയറക്‌ടറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 2019-20 കാലത്തെ പ്രവർത്തനങ്ങൾക്ക് ഓഡിറ്റ് വേണ്ടെന്നും നിലവിൽ ചെയ്യുന്നവ നിർത്തി വയ്‌ക്കണമെന്നും ഓഗസ്‌റ്റ് മാസത്തിലാണ് ഓഡിറ്റ് ഡയറക്‌ടർ ഉത്തരവിട്ടത്. ഇങ്ങനെ നിർദ്ദേശം നൽകാൻ ഓഡിറ്റ് ഡയറക്‌ടർക്ക് അധികാരമില്ലെന്നും ചെന്നിത്തല പറഞ്ഞു.
1992ലെ ലോക്കൽഫണ്ട് ഓഡിറ്റ് ആക്‌റ്റിന് ഘടകവിരുദ്ധമായാണ് നിലവിലെ കാര്യങ്ങൾ. ഈ വർഷം ഏപ്രിൽ മുതൽ ഓഡിറ്റിംഗ് നടന്നിട്ടില്ല. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതികൾ പുറത്ത് വരാതിരിക്കാനാണ് സർക്കാർ ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് ചെന്നിത്തല ആരോപിച്ചു. മുൻപ് കമ്പനി നിയമ പ്രകാരമുളള ഓഡിറ്റ് നടക്കുന്നതിനാൽ കണ്ണൂർ വിമാനത്താവളത്തിലും ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഓഡിറ്റ് ഡയറക്‌ടർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നിയമപരമായി നീങ്ങാനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം.