
ഒരു മോതിരത്തിൽ ഏറ്റവും കൂടുതൽ വജ്രക്കല്ലുകൾ പതിപ്പിച്ചുവെന്ന ഗിന്നസ് റെക്കാർഡ് ഇനി കോട്ടി ശ്രീകാന്തിന് സ്വന്തം. ഹൈദരാബാദിലെ ദി ഡയമണ്ട് സ്റ്റോറിന്റെ ഉടമയാണ് ഇദ്ദേഹം. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ശ്രീകാന്തിനെ തേടി ഗിന്നസ് റെക്കാർഡ് എത്തിയിരിക്കുന്നത്. 7,801 പ്രകൃതിദത്ത വജ്രങ്ങൾ ഉപയോഗിച്ചാണ് 'ദി ഡിവിഷൻ 7801 ബ്രഹ്മ വജ്ര കമലം' എന്ന പേരിൽ തയ്യാറാക്കിയ മോതിരം പണിതത്. റെക്കാർഡ് ലഭിച്ചതോടെ തിങ്കളാഴ്ചയാണ് വജ്ര കമലം 'ദി ഡയമണ്ട് സ്റ്റോറി'ൽ വച്ച് അനാച്ഛാദനം ചെയ്തത്.
ബ്രഹ്മ വജ്ര കമലം പിറന്ന വഴി
ഹിമാലയത്തിൽ കാണപ്പെടുന്ന അപൂർവ പുഷ്പമായ ബ്രഹ്മ കമലത്തിൽ നിന്നാണ് ഈ മോതിരത്തിന്റെ പേര് കടംകൊണ്ടിരിക്കുന്നത്. അനേകം അടുക്കുകളായി കാണുന്ന താമര ഭാരതീയ സംസ്‌കാരം അനുസരിച്ച് പൂജയ്ക്കും വിശേഷ അവസരങ്ങളിലും ഉപയോഗിക്കുന്ന പുഷ്പമാണ്. ഡയമണ്ടിനെ സംസ്‌കൃതത്തിൽ വജ്രമെന്നാണ് വിശേഷിപ്പിക്കുന്നത്. 2018ലാണ് വജ്രകമലത്തിന്റെ നിർമ്മാണത്തെക്കുറിച്ച് ഉടമ ശ്രീകാന്ത് ആലോചിക്കുന്നത്. നീണ്ട പതിനൊന്ന് മാസത്തെ പ്രയത്നത്തിലൂടെയാണ് ഈ വിശിഷ്ട സൃഷ്ടി രൂപംകൊണ്ടത്. അതിനായി 7801 വജ്രക്കല്ലുകൾ ഉപയോഗിച്ചു. ആറ് അടുക്കുകളുള്ള താമര പുഷ്പത്തിന്റെ ആകൃതിയിലാണ് മോതിരം. ഇതിൽ അടിയിൽ നിന്നുള്ള അഞ്ച് അടുക്കുകളിൽ എട്ട് ദളങ്ങളാണ് ഉളളത്, മുകളിലത്തെ അടുക്കിൽ ആറ് ദളങ്ങളും.

കഴിഞ്ഞ വർഷമാണ് ഗിന്നസ് റക്കാഡ് പരിഗണനയ്ക്കായി മോതിരത്തിന്റെ വിവരങ്ങൾ സമർപ്പിച്ചത്. ഒരു വർഷത്തോളമെടുത്ത് പരിശോധനകൾ നടത്തിയാണ് 'ഒരു മോതിരത്തിൽ ഏറ്റവും കൂടുതൽ വജ്രങ്ങൾ' എന്ന വിശേഷണത്തോടെ വജ്രകമലത്തിന് ബഹുമതി ലഭിച്ചത്. ഉപയോഗിച്ച വജ്രക്കല്ലുകളെല്ലാം ഒറിജിനലാണെന്ന പരിശോധനയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അതോറിറ്റി പ്രധാനമായും നടത്തിയത്. ഇതിനായുള്ള തെളിവുകളും ജ്വല്ലറി ഉടമ ഹാജരാക്കിയിരുന്നു. ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ പഠിച്ച ശ്രീകാന്ത് ജെമോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അമേരിക്കയിൽ (ജിഐഎ) സർട്ടിഫൈഡ് ഡയമണ്ട് ബിരുദധാരിയാണ്.