pm-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെ നൽകിയ സന്ദേശത്തിലാണ് വൈകുന്നേരം 6ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വിവരം പ്രധാനമന്ത്രി അറിയിച്ചത്. പ്രധാനമന്ത്രി എന്ത് സന്ദേശമാണ് നൽകുക എന്ന് വ്യക്തമല്ലെങ്കിലും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടതാകാമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

आज शाम 6 बजे राष्ट्र के नाम संदेश दूंगा। आप जरूर जुड़ें।

Will be sharing a message with my fellow citizens at 6 PM this evening.

— Narendra Modi (@narendramodi) October 20, 2020

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനനിരക്ക് കുറവ് വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്. ഇന്ന് കൊവിഡ് പ്രതിദിന നിരക്ക് 46,​790 ആയി കുറഞ്ഞിട്ടുണ്ട്.സെപ്‌തംബർ മാസത്തിൽ പ്രതിദിനം 97,​000 വരെ ഉയർന്ന ശേഷമാണിത്.

കൊവിഡ് കാല പ്രതിസന്ധിയിൽ തളർന്ന രാജ്യത്തിന് വിപണിയിലെ തളർച്ച അക‌റ്രാനും തൊഴിൽ അവസരങ്ങൾ മെച്ചപ്പെടുത്താനും കേന്ദ്രം വീണ്ടുമൊരു സാമ്പത്തിക പാക്കേജിന് ആലോചിക്കുന്നുണ്ട് എന്ന് സൂചനകൾ മുൻപ് ലഭിച്ചിരുന്നു. പൊതുവിപണിയിൽ കൂടുതലായി ധനവിഹിതമെത്തിക്കുന്ന തരം പദ്ധതികൾ ആകും മൂന്നാംഘട്ട പാക്കേജ് പ്രഖ്യാപിച്ചാൽ കൂടുതൽ ഉണ്ടാകുക എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച നിർണായക തീരുമാനങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ എന്ന് രാജ്യം ഉ‌റ്റുനോക്കുന്നുണ്ട്. നവരാത്രി,​ ദസറ ഉത്സവ സീസണ് മുൻപായി പ്രഖ്യാപനങ്ങളുണ്ടാകും എന്ന് മുൻപ് സൂചനകൾ ഉണ്ടായിരുന്നു. പി.എം ഗരീബ് കല്യാൺ യോജന,​ ആത്മനിർഭർ ഭാരത് എന്നിവയായിരുന്നു ആദ്യ രണ്ട് പാക്കേജുകളിലെ പ്രഖ്യാപനങ്ങൾ.

അടിസ്ഥാന സൗകര്യമേഖല വികസനത്തിന് സഹായമാകുന്ന ദേശീയ ഇൻഫ്രാസ്‌ട്രക്ഡചർ പൈപ്പ്ലൈൻ പദ്ധതി സർക്കാർ പരിഗണിക്കുന്നുണ്ട്. കുറഞ്ഞ കാലയളവിൽ കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. രാജ്യത്തെ കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ പലതും അന്ത്യഘട്ടത്തിലാണ്. ഇവ വിപണിയിലെത്തിക്കുന്ന സമയത്ത് സർക്കാർ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുന്നത് ഉചിതമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്‌മണ്യൻ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണമവുമായി ബന്ധപ്പെട്ട് മികച്ച സംവിധാനം ഒരുക്കുന്നത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി ഗ്രാൻഡ് ചലഞ്ച് മീ‌റ്റിംഗിലെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചും പ്രധാനമന്ത്രിയുടെ ശുഭകരമായ പ്രഖ്യാപനം രാജ്യം പ്രതീക്ഷിക്കുന്നുണ്ട്.